കേരള യൂണിവേഴ്സിറ്റി കലോത്സവമായി ബന്ധപ്പെട്ട് കോഴ ആരോപണത്തിൽ എസ്എഫ്ഐയുടെ പങ്ക് പുറത്ത്. മുൻകാലങ്ങളിൽ വിധികർത്താക്കളും പരിശീലകരും തമ്മിൽ ഒത്തുചേർന്നുകൊണ്ട് നടത്തിയിരുന്ന ഇത്തരം പ്രവണതകൾ ഇത്തവണ എസ്എഫ്ഐക്കാർ ഇടനിലക്കാർ മുഖേന നടപ്പാക്കുകയിരുന്നു. കോഴയാരോപണങ്ങൾ തെളിയിക്കുന്ന രക്ഷകർത്താക്കളുടേയും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു.
തിരുവനന്തപുരം ജില്ലയിൽ വച്ച് നടക്കുന്ന കലോത്സവത്തിന് മേയർ ആര്യ രാജേന്ദ്രൻ ചെയർമാനും ഐബി സതീഷ് എംഎൽഎ പ്രോഗ്രാം കമ്മിറ്റി കൺവീനറും ആണ്. എന്നിട്ടും കലോത്സവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ നോക്കുകുത്തിയാക്കിക്കൊണ്ട് സംസ്ഥാന കമ്മിറ്റി വിധികർത്താക്കളുടെ പാനൽ അവർ നിശ്ചയിക്കുമെന്നുള്ള തരത്തിലേക്ക് ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമായി വലിയ രീതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന സംഘർഷത്തിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഞ്ജുകൃഷ്ണനെയും അക്ഷയ് ആലപ്പുഴയെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളും വിവിധ കോളേജ് വിദ്യാർത്ഥികളും ചേർന്ന് അഭിപ്രായം പോലും പറയാൻ സമ്മതിക്കാതെ മാറ്റി നിർത്തിയത് ഇതിന് തെളിവാണ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ,എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അക്ഷയ്ആലപ്പുഴ, സബ് കമ്മിറ്റി കൺവീനർ അഞ്ജു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരത്തിലേക്കുള്ള വലിയ അഴിമതി നടത്തിയത്. ഈ പാനൽ എടുത്തിരിക്കുന്നത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫീസിലുള്ള ജഗത് രാമചന്ദ്രൻ എന്ന് പറയുന്ന ആളാണ്. ഇയാൾ കഴിഞ്ഞ രണ്ടു വർഷക്കാലയളവുമായി കേരളത്തിൽ നടക്കുന്ന വിവിധ യൂണിവേഴ്സിറ്റി കലോത്സവങ്ങൾ ബിനാമി പേരുകളിൽ എടുത്ത് നടത്തിവരികയാണ്. ഇയാൾക്ക് എല്ലാവിധമായ പിന്തുണയും നൽകുന്നത് മന്ത്രി ഉൾപ്പെടെ അറിഞ്ഞുകൊണ്ട് പ്രൈവറ്റ് സെക്രട്ടറി ആയിട്ടുള്ള മനു സി പുളിക്കൻ, ഇതേ ഓഫീസിലുള്ള സവാദ് എന്നിവർ ചേർന്നാണ്.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിട്ടുള്ള മനു സി പുളിക്കനും എസ്എഫ്ഐക്കാരായ ആർഷോയും അക്ഷയുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ജഗത് പാനൽ കൈകലാക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി 6 ലക്ഷം രൂപയോളം വരുന്ന കോഴപ്പണം ആർഷോയും അക്ഷയുമായി പങ്കുവച്ചു എന്നാണ് ലഭിക്കുന്ന സൂചനകൾ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടന്ന എംജി കലോത്സവത്തിലും വലിയ കോഴ ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ടു കലോത്സവങ്ങളിലും ജഡ്ജസ് ആയിരുന്നവർ ഒരു നിലവാരവും ഇല്ലാത്തവരാണെന്നുള്ള ആക്ഷേപം ആദ്യം മുതലേ ഉണ്ടായിരുന്നു.
ഇത് കണ്ടുപിടിച്ചതിന്റെ ഭാഗമായിട്ടാണ് ജോമറ്റെന്നു പറയുന്ന പരിശീലകനെ കഴിഞ്ഞദിവസം മർദ്ദിച്ചത്. ജോമറ്റിന് മർദ്ദനമേറ്റത്തോടെ ആദംഷ എന്ന് പറയുന്ന മറ്റൊരു പരിശീലകൻ ആണ് ഇപ്പോൾ ഐറ്റത്തിന് പ്രൈസ് വേണം എങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടത്. മർദ്ദനമേറ്റപരിശീലകൻ ആയിട്ടുള്ള സൂരജ്, ജോമറ്റ്, ജഗത്ത് രാമചന്ദ്രൻ എന്നിവർ മുൻ വർഷങ്ങളിൽ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അഴിമതി നടത്തിയതിന്റെ ഭാഗമായി കരിമ്പട്ടികയിൽ ഉൾപ്പെട്ടവരാണ്.
പരിശീലകരായ ബിജു ഇരുനാവ്, ആദംഷ എന്നിവരോട് ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ അമ്മ സംസാരിക്കുന്ന ഓഡിയോയുടെ ഭാഗങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ആദംഷ, ജഗത് എന്നിവർ പുതിയൊരു ഐഫോൺ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമലിന് ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ എന്ന നിലയിൽ സമ്മാനമായി നൽകിയിട്ടുണ്ട്. ഓരോ കുട്ടികളിൽ നിന്നും ഒന്നാം സമ്മാനത്തിന് ഒന്നരലക്ഷം രൂപ രണ്ടാം സമ്മാനത്തിന് ഒരു ലക്ഷം രൂപ മൂന്നാം സമ്മാനത്തിന് 50,000 രൂപ എന്ന തോതിലാണ് കൈക്കൂലി വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.