ന്യൂഡല്‍ഹി: ജാതി-മത ഭേദമെന്യേ ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ലിതെന്നും എന്നാല്‍, ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കപ്പെടുന്നുണ്ടെന്നും പൗരത്വ നിയമത്തിലെ ഭേദഗതിച്ചട്ടങ്ങള്‍ പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ദശാബ്ദങ്ങളായി പീഡനമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്കു മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം.
മൂന്ന് രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പൗരത്വത്തിനും പുനരധിവാസത്തിനുമുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണിത്. അവരുടെ സാംസ്കാരികവും ഭാഷാപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍, സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആറാംപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട അസമിലെ കര്‍ബി ആങ്ലോങ്, മേഘാലയയിലെ ഗരോ ഹില്‍സ്, മിസോറമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് നിയമത്തില്‍ ഇളവുണ്ട്.
ചട്ടത്തിലെ പ്രധാന വ്യവസ്ഥകള്‍
* ഇന്ത്യയിലെ പൗരനായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഫോം 2എ പ്രകാരം അപേക്ഷിക്കണം. ഇന്ത്യന്‍ പൗരരെ വിവാഹം ചെയ്തയാളാണെങ്കില് ഫോം 3 എ പ്രകാരവും ഇന്ത്യന്‍ പൗരരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കില്‍ 4എ പ്രകാരവും അപേക്ഷിക്കണം. ഇന്ത്യന്‍ പൗരരായ രക്ഷിതാക്കളുടെ മക്കളാണെങ്കില്‍ ഫോം 5എ പ്രകാരം അപേക്ഷിക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പൗരരായ രക്ഷിതാക്കളുടെ മക്കളാണെങ്കില്‍ ഫോം 6എ പ്രകാരം അപേക്ഷിക്കണം
* ഇന്ത്യന്‍ വംശജരായ വിദേശപൗരന്മാരാണെങ്കില്‍ ഫോം 8എ പ്രകാരം അപേക്ഷിക്കണം
* സ്വാഭാവിക പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തണം. ഇവര്‍ക്ക് ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ അറിവുണ്ടാകണം.
* ജില്ലാതല സമിതികള്‍ മുഖേന ഉന്നതാധികാര സമിതി മുമ്പാകെ വേണം ഓണ്‍ലൈന്‍ അപേക്ഷ നല്കാന്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ ജില്ലാതല സമിതി പരിശോധിക്കും. അതിനുശേഷം സൂക്ഷ്മപരിശോധനയ്ക്കായി ഉന്നതാധികാരസമിതിക്ക് കൈമാറണം
* പരിശോധനാസമിതി മുമ്പാകെ അപേക്ഷകര്‍ നേരിട്ടെത്തി രാജ്യത്തോടുള്ള കൂറ് വ്യക്താക്കുന്ന സത്യവാചകം ചൊല്ലണം. അങ്ങനെയല്ലാത്ത അപേക്ഷകള്‍ ഉന്നതാധികാരസമിതിക്ക് നിരസിക്കാം. അപേക്ഷയില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് ഉന്നതാധികാരസമിതി ഉറപ്പാക്കണം
* പൗരത്വരേഖ നേരിട്ട് കൈപ്പറ്റാനാഗ്രഹിക്കുന്നയാള് അത് ഉന്നതാധികാരസമിതി മുമ്പാകെ നേരിട്ടെത്തി കൈപ്പറ്റണം. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒപ്പുവെച്ചതായിരിക്കും പൗരത്വ സര്‍ട്ടിഫിക്കറ്റ്.
സമര്‍പ്പിക്കേണ്ട രേഖകള്‍
1. അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, പാകിസ്താന് സര്ക്കാരുകളിലൊന്നില് അനുവദിച്ച പാസ്പോര്‍ട്ടിന്റെ കോപ്പി
2. ഇന്ത്യയിലെ ഫോറിനേഴ്സ് റിജണല്‍ രജിസ്ട്രേഷന് ഓഫീസറോ ഫോറിനേഴ്സ് രജിസ്ട്രേഷന് ഓഫീസറോ അനുവദിച്ച രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ െറസിഡന്ഷ്യല് പെര്‍മിറ്റ്
3. അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, പാകിസ്താന് സര്‍ക്കാര്‍ അതോറിറ്റികളിലൊന്നിലെ അംഗീകരിച്ച ജനന സര്‍ട്ടിഫിക്കറ്റ്
4. മൂന്ന് രാജ്യങ്ങളിലൊന്നിലെ സര്‍ക്കാര്‍ അതോറിറ്റികള്‍ അനുവദിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ രേഖകളോ
5. മൂന്ന് രാജ്യങ്ങളിലൊന്നിലെ തിരിച്ചറിയല്‍ രേഖ
6. മൂന്ന് രാജ്യങ്ങളിലൊന്നിലെ സര്‍ക്കാര്‍ അതോറിറ്റികള്‍ അനുവദിച്ച ഏതെങ്കിലും ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ
7. മൂന്ന് രാജ്യങ്ങളിലൊന്നിലെ ഭൂമി, കുടികിടപ്പാവകാശ രേഖ
8. അപേക്ഷകരുടെ രക്ഷിതാക്കള്‍, മുത്തച്ഛന്/ മുത്തശ്ശി, അവരുടെ മാതാപിതാക്കള്‍ എന്നിവരിലാരെങ്കിലും ഈ രാജ്യങ്ങളില്‍നിന്ന് മുമ്പ് അപേക്ഷിച്ചതിന്റെ രേഖ
9. അതത് രാജ്യങ്ങള്‍ അനുവദിച്ച മറ്റെന്തെങ്കിലും രേഖ. (രേഖകള്‍ കാലാവധി കഴിഞ്ഞവയാണെങ്കിലും പരിഗണിക്കും)
നടത്തിപ്പിന് ഉന്നതാധികാരസമിതിയും ജില്ലാതല സമിതികളും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടത്തിപ്പിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതികളെ ചുമതലപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്, ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസര്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന് കീഴിലെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന് എന്നിവര്‍ സമിതിയില്‍ സ്ഥിരാംഗങ്ങളായിരിക്കും.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ പ്രതിനിധി, ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ പ്രതിനിധി എന്നിവര്‍ ക്ഷണിതാക്കളാകും. സീനിയര്‍ സൂപ്രണ്ടിന്റെയോ സൂപ്രണ്ടിന്റെയോ നേതൃത്വത്തില്‍ ജില്ലാതല സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിലെ ജില്ലാതല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കേന്ദ്ര സര്‍ക്കാരിന്റെ നോമിനി എന്നിവരാണ് സ്ഥിരാംഗങ്ങള്‍.
ജില്ലാ കളക്ടറുടെ ഓഫീസിലെ നായിബ് തഹസില്‍ദാര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്, ബന്ധപ്പെട്ട പരിധിയിലെ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. രണ്ട് സമിതികളുടെയും ക്വാറം ചെയര്മാന് ഉള്‍പ്പെടെ രണ്ടംഗങ്ങള്‍ സമിതിയിലുണ്ട്.