ജീവിതരീതി അനുസരിച്ച് ശരീരത്തിൽ കുറവുവരാൻ സാധ്യതയുള്ളതാണ് വിറ്റാമിൻ ഡി. അതുകുറഞ്ഞാൽ പലവിധരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ ചെലവില്ലാതെതന്നെ വിറ്റാമിൻ ഡി സ്വായത്തമാക്കാൻ കഴിയും.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾക്ക് നമ്മുടെ ത്വക്കിലുള്ള ചില പദാർഥങ്ങളെ വിറ്റാമിൻ ഡി ആക്കിമാറ്റാൻ കഴിവുണ്ട്. അതായത് ശരീരത്തിന് വിറ്റാമിൻ ഡി നേടാൻ ദിവസേന കുറച്ചു വെയിൽകൊണ്ടാൽമാത്രം മതി എന്നർഥം. കൂടാതെ പാലിലും മുട്ടയുടെ വെള്ളക്കരുവിലും വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്.
സൂര്യപ്രകാശത്തിൽനിന്നും വിറ്റാമിൻ ഡി നേടാൻ ഏറ്റവും പറ്റിയ സമയം രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ്. പത്തു മിനിട്ടു മുതൽ 30 മിനിട്ടുവരെ മുഖത്തു സൂര്യപ്രകാശമേൽക്കാതെതന്നെ കൈകളും കാലുകളും സൂര്യപ്രകാശത്തിൽ കാണിക്കണം. അപ്പോൾ വിറ്റാമിൻ ഡി ശരീരം ഉത്‌പാദിപ്പിക്കും. പ്രായമുള്ളവരിലും യുവാക്കളിലും വിറ്റാമിൻ ഡി ഉത്‌പാദനം വ്യത്യാസപ്പെട്ടിരിക്കും. പ്രായമേറുന്തോറും വിറ്റാമിൻ ഡി ഉത്‌പാദനത്തിന്റെ തോത് കുറയുന്നു.
ഗുണങ്ങൾ
നമ്മുടെ ശരീരത്തിന്റെ സ്വാസ്ഥ്യത്തിനു വിറ്റാമിൻ ഡി ആവശ്യമാണെങ്കിലും അവയുടെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ ശരീരത്തിൽ ശക്തവും സുദൃഢവുമായ എല്ലുകൾ നിർമിക്കുക എന്നതാണ്. കാൽസ്യം, ഫോസ്‌ഫറസ് എന്നിവ ആഗിരണം ചെയ്തുകൊണ്ടാണ് അത് സാധ്യമാക്കുന്നത്.
രോഗപ്രതിരോധം, തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം എന്നിവയ്ക്കൊക്കെ വിറ്റാമിൻ ഡി.യുടെ സ്വാധീനം പ്രധാനമാണ്. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങളുടെയും മൾട്ടിപ്പിൾ സ്‌ക്ളീറോസിസ് എന്നിവയുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിന്റെ പ്രവർത്തനത്തെ വിറ്റാമിൻ ഡി ത്വരിതപ്പെടുത്തുന്നു.
കുറഞ്ഞാൽ
വിറ്റാമിൻ ഡി.യുടെ കുറവുമൂലം ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കണ രോഗം (Rickets). കുട്ടികളിൽ എല്ലുകൾ ദുർബലമാകുന്ന രോഗമാണിത്. കൂടുതൽ ആളുകളും മുറിക്കകത്തിരുന്നു ജോലി ചെയ്യുന്നതിനാൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയാനും രോഗങ്ങൾ വരാനും സാധ്യതയുണ്ട്.
ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളിൽ വിറ്റാമിൻ ഡി.യുടെ കുറവുണ്ടെന്ന് കണക്കാക്കുന്നു. വിറ്റാമിൻ ഡി കുറഞ്ഞാൽ ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം പ്രകടമാക്കും. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ പേശിവേദന, എല്ലിന് ബലമില്ലാത്തതിനാൽ ചെറിയ വീഴ്ചയിൽപ്പോലും എല്ല് ഒടിയുക, മുടി കൊഴിയുക, സന്ധിവേദന, മുറിവുണ്ടായാൽ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുക, പ്രതിരോധശേഷി കുറയുന്നതിനാൽ പനിയും മറ്റു രോഗങ്ങളും നിരന്തരം ഉണ്ടാകുക എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. 20 നാനോഗ്രാം/മില്ലിലിറ്റർ കുറവാകുമ്പോഴാണ് ഇത്തരം രോഗങ്ങൾ പ്രകടമാകുന്നത്.
കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വെള്ളത്തിൽ അലിയുന്ന വിറ്റാമിനെപ്പോലെയല്ല, ഇവ ശരീരത്തിൽ കൊഴുപ്പിന്റെ രൂപത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. കാൽസിഫെറോൾ (Calciferol) എന്നാണ് വിറ്റാമിൻ ഡി.യുടെ ശാസ്ത്രനാമം. വിറ്റാമിൻ ഡി സൺഷൈൻ വിറ്റാമിൻ (Sunshine Vitamin) എന്നുകൂടി അറിയപ്പെടുന്നുണ്ട്
ഭക്ഷണങ്ങൾ
സൂര്യപ്രകാശത്തിൽനിന്ന് മാത്രമല്ല, ആഹാരപദാർത്ഥങ്ങളിലൂടെയും ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ട്. മത്സ്യം, പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, തൈര്, ബീഫ്, ലിവർ, മുട്ട എന്നിവയിലൊക്കെ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂൺ വിറ്റാമിൻ ഡിയുടെ വളരെ നല്ലൊരു സ്രോതസ്സാണ്