ബംഗളൂരു: ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുകയും 20ലേറെ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിൽവരുകയും ചെയ്താൽ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രസ്താവനയുമായി ബി.ജെ.പി ഉത്തരകന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഉത്തരകന്നടയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് എം.പിയുടെ വിവാദ പരാമർശം.
‘ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കാൻ എല്ലാവരും കണിശമായും സഹായിക്കണം. കോൺഗ്രസ് നേതാക്കൾ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുൻനിർത്തിയായിരുന്നില്ല. നമുക്ക് നമ്മുടെ മതസംരക്ഷണം മുൻനിർത്തി അത് ചെയ്യേണ്ടതുണ്ട്. ലോക്സഭയിൽ നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.
എന്നാൽ, രാജ്യസഭയിൽ ഭരണഘടന ഭേദഗതിക്കാവശ്യമായ അംഗബലമില്ല. ലോക്സഭയിലെ വർധനയിലൂടെ അത് മറികടക്കാനാകും.സംസ്ഥാനങ്ങളിലെ നിയമനിർമാണ സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നമ്മൾ ലക്ഷ്യമിടണം. ലോക്സഭയിലും രാജ്യസഭയിലും ഒരുപോലെ മേൽക്കൈ നേടാൻ ഇതിലൂടെ സാധിക്കും -ഹെഗ്ഡെ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഭരണഘടനക്കെതിരെ ഹെഗ്ഡെ പ്രസ്താവന നടത്തിയിരുന്നു. മണ്ഡലത്തിൽ പാർട്ടി അണികളുടെ പരസ്യപ്രതിരോധം നേരിടുന്ന അനന്ത്കുമാർ ഹെഗ്ഡെ എം.പി വീണ്ടും വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടുകയാണ്.
Read more :
അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്ഡെ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഉത്തര കന്നട ജില്ലയിലെ കുംത പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത് കർഷകരല്ല, ഖാലിസ്ഥാനികളാണെന്ന പ്രസ്താവനയും കഴിഞ്ഞമാസം വിവാദമായി.
ഡിസംബറിൽ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ഭാഗമായി സംഘടിപ്പിച്ച കൺവെൻഷനിൽ മണ്ഡലം തിരിഞ്ഞുനോക്കാത്ത എം.പി എന്ന ആക്ഷേപംനേരിട്ട അനന്ത്കുമാർ ഹെഗ്ഡെക്ക് എതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതികരിച്ചിരുന്നു.അഞ്ചുവർഷം ഉറങ്ങി ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രംഗത്തുവന്ന അനന്ത് കുമാർ ഹെഗ്ഡെ പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി നേതാവും കർണാടക ക്ഷത്രിയ മറാത്ത ഐക്യവേദി പ്രസിഡന്റുമായ വി.എസ്. ശ്യാംസുന്ദർ ഗെയ്ക്‍വാദ് ഭട്കലിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
അനന്ത്കുമാറിന്റെത് വ്യക്തിപരമായ അഭിപ്രായം : ബി.ജെ.പി
ബംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന ഉത്തരകന്നട ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെയുടെ അഭിപ്രായം വ്യക്തിപരമാണെന്നും പാർട്ടിയുടെതല്ലെന്നും പ്രതികരണവുമായി കർണാടക ബി.ജെ.പി. വിവാദ പരാമർശത്തിന്റെ പേരിൽ അനന്ത്കുമാറിൽനിന്ന് വിശദീകരണം തേടുമെന്നും പാർട്ടി അറിയിച്ചു. ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പാർട്ടി എന്നും ബാധ്യസ്ഥമാണെന്നും ഹെഗ്ഡെയുടെ പരാമർശം പാർട്ടി നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവർ എക്സിൽ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ