തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന വന്യമൃഗ ആക്രമണത്തിൽ ജനങ്ങൾ ജീവനെയും സ്വത്തിനെയും ഭയന്ന് കഴിയുമ്പോൾ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയ കോടികളുടെ കണക്കുകൾ പുറത്ത്. തലസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ മരപ്പട്ടി ഉൾപ്പെടെയുള്ള ജീവികളുടെ ശല്യം അധികരിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളുപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ മരപ്പട്ടി ആക്രമണത്തെ ചെറുക്കാൻ ചെലവാക്കിയ കണക്കുകൾ പുറത്ത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും മറ്റ് മന്ത്രിമന്ദിരങ്ങളും അറ്റകുറ്റപണി നടത്താൻ ചെലവാക്കിയത് 7.91 കോടി രൂപയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവഴിച്ച തുക
മന്‍മോഹന്‍ (ഗതാഗതം) 27.08
കവടിയാര്‍ ഹൗസ് (ഫിഷറീസ്) 18.91
കാവേരി (ഫോറസ്റ്റ് ) 16.18 ലക്ഷം
ഗ്രേസ് (റവന്യൂ) 2.87. ലക്ഷം
നിള (ആരോഗ്യം) 13.35 ലക്ഷം
ഗംഗ (രജിസ്‌ട്രേഷന്‍) 14.48 ലക്ഷം
തൈക്കാട് ഹൗസ് (തുറമുഖം) 24.38ലക്ഷം
സാനഡു (ഉന്നത വിദ്യാഭ്യാസം) 62.64 ലക്ഷം
റോസ് ഹൗസ് (വിദ്യാഭ്യാസം) 47.38 ലക്ഷം
നെസ്റ്റ് (തദ്ദേശ സ്വയംഭരണം) 9.04 ലക്ഷം
ഉഷസ് (വ്യവസായം) 15.31 ലക്ഷം
അശോക (മൃഗസംരക്ഷണം) 26.67 ലക്ഷം
പൗര്‍ണമി (ധനകാര്യം) 17.04 ലക്ഷം
പ്രശാന്ത് (ജലസേചനം) 25.02 ലക്ഷം
എസെന്‍ഡീന്‍ (ദേവസ്വം) 11.07 ലക്ഷം
ലിന്ററസ്റ്റ് (കൃഷി) 54.75 ലക്ഷം
പെരിയാര്‍ (വൈദ്യുതി) 10.59 ലക്ഷം
പമ്പാ (പൊതുമരാമത്ത്) 2.85 ലക്ഷം
അജന്ത (സിവില്‍ സപ്ലൈസ്) 29.89 ലക്ഷം
അതേസമയം, മുഖ്യമന്ത്രിയുടെയും നാല് മന്ത്രിമാരുടെയും ബംഗ്ലാവിന്റ അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ആഴ്ച 11.43 ലക്ഷം അനുവദിച്ച് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, എം.ബി രാജേഷ്, ജി.ആര്‍. അനില്‍ എന്നിവരുടെ ഔദ്യോഗിക വസതികളിലും മെയിന്റന്‍സ് പ്രവൃത്തികള്‍ നടക്കും. മാർച്ച് 5 നാണ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികൾക്കുള്ള ടെൻ്റർ വിളിച്ചത്.
മന്ത്രിമന്ദിരങ്ങളിലെ കര്‍ട്ടന്‍ മാറ്റിയതിന് മാത്രം 44.96 ലക്ഷം ചെലവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് 2.18 കോടിയും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 60.71 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ 2016 മുതല്‍ 2021 മേയ് വരെ 2,07,606 രൂപയും അതിന് ശേഷം10,06,682 രൂപയുമാണ് വേണ്ടിവന്നത്. 79.73 ലക്ഷം മുഖ്യമന്ത്രിയുടെ ചികിത്സക്കും അനുവദിച്ചു.ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരണത്തിന് 2016 മേയ് മുതല്‍ 2021 മേയ് വരെ 25.99 ലക്ഷവും വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 2.28 ലക്ഷവും ചെലവായി. തുടര്‍ന്ന് 2021 ന് ശേഷം 10 ലക്ഷവും ചെലവായിട്ടുണ്ട്.
ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് 4.09 കോടിയാണ് ചെലവായത്. മറ്റ് മന്ത്രിമന്ദിരങ്ങളുടെ കര്‍ട്ടന്‍ മാറ്റാന്‍ 2016 മുതല്‍ ഇതുവരെ ചെലവ് 32.82 ലക്ഷമാണ്. ക്ലിഫ് ഹൗസ് ഒഴികെ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി 4.29 കോടി രൂപയും ചെലവായിട്ടുണ്ട്.
ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്‌തിരിയിട്ട് വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടങ്ങളിലെ മരം കൊണ്ടുള്ള മച്ചിലാണ് മരപ്പട്ടി ഉൾപ്പെടെ വിഹരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നേരത്തെ, ഒരു വർഷം മുൻപ് രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകാലം ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നു. ഇവർക്ക് പുറമെ മറ്റ് മന്ത്രിമാരും സമാന സാഹചര്യം നേരിടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ്, വി അബ്‌ദുറഹിമാൻ താമസിക്കുന്ന കവടിയാർ ഹൗസ്, ആർ ബിന്ദു താമസിക്കുന്ന സാനഡു എന്നിവിടങ്ങളിൽ മരപ്പട്ടിശല്യം രൂക്ഷമായി തുടരുകയാണ് എന്നാണ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് വന്യജീവികൾ നാട്ടിലിറങ്ങി വിഹരിക്കുമ്പോഴാണ് മന്ത്രിമാരുടെ പരാതികൾ എന്നും ശ്രദ്ധേയമാണ്.
















