തിരുവനന്തപുരം: കോൺഗ്രസ് വിടാനൊരുങ്ങി തിരുവനന്തപുരം മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ്.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉയർത്തുന്നത്. സാധാരണ പ്രവർത്തകർ കൊടുംവെയിലത്ത് വീടുകളിലും മറ്റും കയറിയിറങ്ങി പിരിച്ച കെപിസിസി ഫണ്ട് മുഴുവൻ പ്രസിഡന്റ് കൊള്ളയടിക്കുകയും ധൂർത്തടിക്കുകയും ചെയ്യുന്നു. ഫണ്ടിനെ കുറിച്ച് കെപിസിസി എക്‌സിക്യൂട്ടീവിലോ കമ്മിറ്റികളിലോ ചർച്ചയ്‌ക്കു തയ്യാറാകുന്നില്ല. തിരുവനന്തപുരം ഉദയാ പാലസിൽ സംഘടിപ്പിച്ച കോൺഗ്രസ് പരിപാടിയിൽ കയറണമെങ്കിൽ പ്രവർത്തകർ 500 രൂപ വീതം നൽകണമെന്ന് നിബന്ധനവച്ചു. ആ പരിപാടി പരാജയമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കണ്ണൂരിലെ സിപിഐ എം നേതാവ് പി ശശിക്കെതിരെ വ്യാജ ആരോപണം ഉന്നയിപ്പിച്ചത് കെ സുധാകരനാണ്. ആ ആരോപണം ഉന്നയിച്ചയാളെ കെപിസിസി ഓഫീസിൽ ശമ്പളം നൽകിയ കുടിച്ചിരുത്തി. അദ്ദേഹത്തെ കുടുംബ സമേതം തലസ്ഥാനത്തു കൊണ്ടുവന്നു താമസിപ്പിക്കുന്നു. വീടു കണ്ടുപിടിച്ചതും വാടക നൽകുന്നതുമെല്ലാം കെപിസിസിയാണ്. ഇപ്പോൾ അയാൾ വില്ല വാങ്ങുകയും സൂപ്പർമാർക്കറ്റ് തുടങ്ങുകയും ചെയ്‌തു. അയാൾക്ക് ലക്ഷങ്ങളാണ് കെപിസിസിയിൽനിന്ന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേരിടുന്ന ജീർണതയിൽ മനംനൊന്ത് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചതായും സതീഷ് അറിയിച്ചു..
പാർട്ടിയിൽ താൻ നേരിട്ട അവഗണനയാണ് തീരുമാനത്തിനു പിന്നിലെന്നും മറ്റേതെങ്കിലും പാർട്ടിയിൽ ചേരാനില്ലെന്നും സതീഷ് വ്യക്തമാക്കി. പാർട്ടി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകളുണ്ടെന്നും പാർട്ടി പരിപാടികളുടെ നടത്തിപ്പിൽ കെടുകാര്യസ്ഥതയാണെന്നും സതീഷ് ആവർത്തിച്ച് ആരോപിക്കുന്നു.
തമ്പാനൂർ സതീഷിൻ്റെ വാക്കുകൾ
കോൺഗ്രസിൽ പുനസംഘടന നടന്നപ്പോഴൊക്കെ ഞാൻ തഴയപ്പെട്ടെങ്കിലും, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഉണ്ടായിട്ടില്ല. പുതിയ 78 സെക്രട്ടറിമാരുടെ ലിസ്റ്റിലും എന്റെ പേരില്ലാത്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത്രയും യോഗ്യതയില്ലാത്ത ആളാണോ തമ്പാനൂർ സതീഷ് എന്നത് കെപിസിസി നേതൃത്വം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാർട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂർത്തടിക്കുന്ന അവസ്ഥയാണുള്ളത്. ഫണ്ടിനെക്കുറിച്ച് ഒരു കമ്മിറ്റിയിലും ചർച്ച നടന്നിട്ടില്ല. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആർക്കുമറിയില്ല. പാർട്ടി പരിപാടികൾക്കു പോലും പ്രവർത്തകർ ടിക്കറ്റു വാങ്ങി കയറണമെന്ന് നിർദേശം വന്നു. നഷ്ടം വന്നതല്ലാതെ പാർട്ടി പരിപാടി കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ഞാൻ സംഘിയാവാനുമില്ല, സഖാവാകാനുമില്ല. കെ.കരുണാകരന്റെ ശിഷ്യനായ ഞാൻ അദ്ദേഹത്തിന്റെ ഓർമകൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ നേതാക്കന്മാർ തന്നെയല്ലേ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയത്? കാസർകോടുനിന്ന് ആരംഭിച്ച സമരാഗ്നി തിരുവനന്തപുരത്ത് എത്തിയപ്പോൾ ചാമ്പലായി മാറിയില്ലേ? കെപിസിസി പ്രസിഡന്റല്ലേ അതിന്റെ ഉത്തരവാദി? ലക്ഷക്കണക്കിനു രൂപ മുടക്കി നടത്തിയ പരിപാടി നശിപ്പിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ കണ്ണീരാണ് വീഴുന്നതെന്ന് ഓർക്കണം. പത്മജ ബിജെപിയിൽ പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാൽ കരുണാകരനെ കുറിച്ച് മോശമായി സംസാരിച്ചാൽ ഞാൻ പ്രതികരിക്കും. എന്റെ കുടുംബവുമായി അത്രയ്ക്ക് അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
















