താരസംഘടന ‘അമ്മ’യുടെ ഖത്തറിൽ നടക്കാനിരുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി

മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നുവച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി ധനശേഖരണാർത്ഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. മമ്മൂട്ടിയും മോഹന്‍ലാലും ഉൾപ്പെടെ ഇരുന്നൂറോളം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയിരുന്നു.

 

 

സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമായതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്‌സ് അറിയിച്ചു. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ മുന്‍കൂട്ടിയെത്തിയിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍വണ്‍ ഇവന്റ്‌സ് വിശദീകരണക്കുറിപ്പിൽ പറയുന്നു. എന്നാൽ പരിപാടി നടത്തുന്നതിനുള്ള യൂട്ടിലിറ്റിഫീ നൽകാത്തതിനാൽ സർക്കാർ അനുമതി നിഷേധിച്ചെന്നാണ് സിനിമാമേഖലയിൽനിന്നുള്ള വിവരം.

കൊച്ചിയിൽ ദിവസങ്ങൾനീണ്ട പരിശീലനത്തിനുശേഷമാണ് ദിലീപ് അടക്കമുള്ള മുൻനിരതാരങ്ങളടങ്ങുന്ന സംഘം ഖത്തറിലേക്ക് തിരിച്ചത്. ഇതു രണ്ടാം തവണയാണ് ഷോ നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്.

Read More…….

ദോഹയിലെ നയൻ സെവൻ ഫോർ ആയിരുന്നു വേദി. എന്നാൽ ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ഗവൺമെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അതിനു ശേഷം നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ ‘അമ്മ’യുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാർച്ച് 7 എന്ന തീയതിയിലെത്തുന്നത്. ഇരുന്നൂറോളം താരങ്ങൾ മാർച്ച് 5,6 തിയതികളിലായി ഖത്തറിലെത്തിയിരുന്നു. എമ്പുരാന്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്നാണ് മോഹൻലാല്‍ എത്തിയത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടിയും ഏഴിന് രാവിലെ ഖത്തറിലെത്തി.

വൈകിട്ട് 6.30നു ഷോ നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് റദ്ദാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിക്കുന്നത്.