മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ ഒരു ചിരിയുത്സവം ആയിരുന്നു പ്രേമലുവെന്ന് രാജമൗലി പറഞ്ഞു.
ചിത്രത്തിലെ തന്റെ ഇഷ്ടകഥാപാത്രം ആദിയാണെന്നും സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത മകൻ കാർത്തികേയയെ രാജമൗലി അഭിനന്ദിക്കാനും മറന്നില്ല.
‘കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ആദ്യാവസാനം ഒരു ചിരിയുത്സവം ആയിരുന്നു. യുവത്വത്തിൻ്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചു. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു.
സച്ചിനും പ്രിയപ്പെട്ടവനാണ്. എന്നാൽ എന്റെ ഫേവറേറ്റ് ആദിയാണ്. ജെ കെ…ജസ്റ്റ് കിഡ്ഡിങ്’, രാജമൗലി പറഞ്ഞു. രാജമൗലിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രേമലു സംവിധായകൻ ഗിരീഷ് എ.ഡിയും എത്തിയിട്ടുണ്ട്.
Read More…..
വമ്പൻ തുകയ്ക്കാണ് ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം കാർത്തികേയ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിനും മമിത ബെെജുവുമാണ് പ്രധാന വേഷത്തിലെത്തിയത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.