ടെലിവിഷൻ സീരിയൽ ചിത്രീകരണ സ്ഥലത്തു സ്ത്രീകൾക്ക് സുരക്ഷ: മേഖലയെ സർക്കാർ നിരീക്ഷിക്കണം: വനിതാകമ്മിഷൻ

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളുടെ ചിത്രീകരണസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്നും ഈ മേഖലയെ സർക്കാർ നിരീക്ഷിക്കണമെന്നും വനിതാകമ്മിഷൻ ആവശ്യപ്പെട്ടു. സീരിയലുകളുടെ ഓരോ ലൊക്കേഷനുകളിലും ആഭ്യന്തര പരാതിപരിഹാരസമിതി (ഐ.സി.സി.) വേണമെന്നും കമ്മീഷൻ വ്യക്തമാക്കി.

സീരിയലുകളുടെ ചിത്രീകരണത്തിന്റെ തുടക്കംമുതൽ ഒടുക്കംവരെ സമിതി പ്രവർത്തിക്കണം. നിർമാതാക്കളുടെയും ചാനലുകളുടെയുമൊക്കെ സംയുക്ത ഉത്തരവാദിത്വമാണ് സ്ത്രീസുരക്ഷയെന്ന് കമ്മിഷന്റെ ശുപാർശയിൽ പറയുന്നു.

ചിത്രീകരണസ്ഥലങ്ങളിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് വനിതകൾതന്നെ കമ്മിഷന് പരാതി നൽകിയിരുന്നു. കമ്മിഷൻ ചില ചിത്രീകരണസ്ഥലത്ത് അപ്രതീക്ഷിത സന്ദർശനത്തിലൂടെ വീഴ്ചകൾ കണ്ടെത്തി.

ടെലിവിഷൻ രംഗത്തേതടക്കം വിവിധ മേഖലകളിലെ സ്ത്രീകളുടെ ദുരിതം പരിഹരിക്കാനുള്ള ശുപാർശ നൽകാൻ കമ്മിഷൻ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിലായിരുന്നു പഠനം. ശുപാർശ സർക്കാരിന് കൈമാറി.

Read More…….

സീരിയൽമേഖലയ്ക്കുള്ള പ്രധാന ശുപാർശകൾ

നിയമവിദഗ്ധൻ, നിർമാതാക്കൾ, തൊഴിലാളികൾ തുടങ്ങിയവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി, തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും സ്ത്രീസുരക്ഷയ്ക്കും സമിതി പ്രവർത്തിക്കണം. മുതിർന്ന വനിതയായിരിക്കണം സമിതിയുടെ തലപ്പത്ത്

സ്ത്രീകൾക്ക് പ്രത്യേകം ശൗചാലയം ഉൾപ്പെടെ മികച്ച അടിസ്ഥാനസൗകര്യം ഒരുക്കണം

ടെലിവിഷൻ രംഗത്തുള്ളവർക്കും തൊഴിൽനിയമം ബാധകമാക്കുക

പുരുഷ അഭിനേതാക്കൾക്കൊപ്പം തുല്യവേതനം, തുല്യനീതി. വേതനത്തിന് മാനദണ്ഡംവേണം

സീരിയലുകളിലെ അഭിനേതാക്കളായ സ്ത്രീകളുടെ ആത്മഹത്യയും അതിനുള്ള പ്രവണതയും കൂടുന്നു. തൊഴിലിടത്തെയോ വീട്ടിലെയോ സമ്മർദങ്ങളാകാം കാരണം. ഇതിന് കൗൺസലിങ് ആവശ്യമാണ്

ലൊക്കേഷനുകളിലേക്കും താമസസ്ഥലത്തേക്കുമുള്ള യാത്ര സുരക്ഷിതമാക്കണം. രാത്രിയാത്രയ്ക്ക് പ്രത്യേകസുരക്ഷ ആവശ്യമാണ്.

ടെലിവിഷന് നയം വരും

ലിംഗനീതിയും തുല്യതയും ഉറപ്പാക്കിയുള്ള സിനിമ, ടെലിവിഷൻ നയം വരുമെന്ന് മന്ത്രി സജി ചെറിയാൻ പഠനത്തിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞിരുന്നു. ടെലിവിഷൻ സീരിയൽ രംഗത്തുള്ളവരുടെയും സുരക്ഷയാണ് ലക്ഷ്യം.