തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയെ തുടർന്നു പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ് സിദ്ധാർഥന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു മുഖ്യമന്ത്രിയോട് കുടുംബം ആവശ്യപ്പെടും. കൂടാതെ ഡീൻ, അസി.വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.
ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗത്തില്‍ സിദ്ധാർഥന്റെ മരണം ചർച്ചയാകുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ആർജെഡിയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർഥി സംഘടനകൾക്കു കർശന നിർദേശം നൽകണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. അതേസമയം, മുന്നണി യോഗത്തിലുണ്ടായ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തയാറായില്ല.
അതേസമയം, സിദ്ധാർഥന്റെ അടുത്ത ബന്ധുക്കൾ ഞായറാഴ്ച രാവിലെ വയനാട്ടിലെത്തും. മൊഴിയെടുക്കാനും മറ്റുമായാണ് ഒമ്പതംഗ സംഘം ജില്ലയിലെത്തുന്നത്. സംഘത്തിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ ഉണ്ടാവില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വസതിയിൽ കൽപറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവൻ സന്ദർശനം നടത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരമാണ് ബന്ധുക്കൾ വയനാട്ടിലെത്തുന്നത്.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















