തിരുവനന്തപുരം: ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദേശിയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയുടെ വരവ് കൈയിലുള്ള ഒരു രാജ്യസഭാ സീറ്റ് ബി.ജെ.പിക്ക് സ്വര്‍ണത്തളികയില്‍ വച്ച് കൈമാറിയശേഷമാണ്. ആലപ്പുഴയില്‍ തോറ്റാല്‍ കടിച്ചതും പോയി പിടിച്ചതും പോയി എന്ന അവസ്ഥയാകും. ആലപ്പുഴയിലാകട്ടെ കെ.സി ജയിക്കുമെന്നതിന് അത്ര ഉറപ്പൊന്നുമില്ലതാനും.വേണുഗോപാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമാണ്. അവിടെ ഒഴിവുവന്നാല് ഇലക്ഷനില്‍ ജയിക്കുക ബി.ജെ.പി സ്ഥാനാര്‍ഥിയായിരിക്കും. കാരണം, രാജസ്ഥാനിലെ ഭരണകക്ഷി ഇപ്പോള്‍ ബി.ജെ.പിയാണ്. വേണുഗോപാലിന്റെ ടേം തീരാന്‍ ഇനിയും രണ്ടര വര്‍ഷംകൂടി ബാക്കിയുണ്ട്.
ആലപ്പുഴയില്‍ ഇതിനകം തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം.പി കൂടിയായ എ.എം. ആരിഫാണ്. ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും. കെ.സി വേണുഗോപാല്‍ കൂടി വരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത തെളിയുന്നു. എന്നു കരുതി ബി.ജെ.പി ജയിക്കുമെന്നോ രണ്ടാം സ്ഥാനത്തെത്തുമെന്നോ പറയാനാകില്ല. ശോഭ സുരേന്ദ്രന് ബി.ജെ.പിയുടെ സ്വന്തം അക്കൗണ്ടിന് അപ്പുറമുള്ള വോട്ടുകള്‍ കൂടി പിടിക്കുകയാണെങ്കില്‍ അതു കെ.സി വേണുഗോപാലിന്റെ പെട്ടിയില്‍ വീഴാനുള്ള വോട്ടുകളായിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒരു സമുദായത്തിലുള്ള രണ്ട് സ്ഥാനാര്‍ഥികളും മറ്റൊരു സമുദായത്തിലുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥിയും തമ്മില്‍ ഒരു ഫൈറ്റ് വരുമ്പോള്‍ കൂടുതല്‍ പ്രയോജനം ലഭിക്കുക മൂന്നാമത്തെ സ്ഥാനാര്‍ഥിക്കായിരിക്കും. മാത്രമല്ല, ആരിഫ് തിളക്കമാര്‍ന്ന ഒരേയൊരു എല്‍.ഡി.എഫ് സിറ്റിംഗ് എം.പികൂടിയാണ്.
വേണുഗോപാലിന് ആലപ്പുഴയില്‍ പണ്ട് നല്ല വേരോട്ടമുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍, ആ വേരോട്ടം ഇപ്പോഴുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. ആലപ്പുഴ പിടിച്ചെടുക്കാന്‍ വേണുഗോപാലിനേ പറ്റൂ എന്ന വിലയിരുത്തലിന്റെ കൂടി ഫലമായിട്ടായിരിക്കാം ഹൈക്കമാന്റ് ആ തീരുമാനമെടുത്തത്. വേണുഗോപാല്‍ മത്സരിക്കാന്‍ വരുമ്പോള്‍ മണ്ഡലത്തില്‍ തളച്ചിടപ്പെടുന്ന അവസ്ഥ വരും. സംഘടനാ കാര്യ ചുമതലയുള്ള കെ.സിയുടെ സേവനം ദേശീയതലത്തില്‍ വേണ്ടത്ര കിട്ടാതെ പോകുകയും ചെയ്യും.
വേണുഗോപാല്‍ ആലപ്പുഴയില്‍ വരുന്ന സാഹചര്യത്തില്‍ രണ്ടു സീറ്റുകളുടെ കാര്യത്തില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ലിസ്റ്റില്‍ മരുന്നിനെങ്കിലും ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ വച്ചേ പറ്റൂ എന്ന സാഹചര്യത്തില്‍ അതെവിടെ കൊടുക്കുമെന്ന ചോദ്യം വന്നപ്പോഴാണ് ഷാഫി പറമ്പില്‍ എം.എല്‍.എയെ ഫീല്ഡിലിറക്കാം എന്ന ചിന്ത വന്നത്. അദ്ദേഹത്തെ എവിടെ ഇറക്കാന്‍ പറ്റും? തൃശൂരില്‍ എന്തായാലും പറ്റില്ല. അപ്പോള്‍, നോക്കിയപ്പോള്‍ പിന്നെ വടകരയിലേ ചാന്‍സുള്ളൂ. അവിടെ കെ.മുരളീധരനെ മാറ്റണം. പിന്നെ മുരളീധരന് പറ്റിയ ഇടം തൃശൂരാണ്. അതാണ് മുരളീധരന് അവിടെ നറുക്കുവീണത്.
വടകരയില്‍ നിന്ന് മാറ്റിയതില്‍ മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഒരുതരത്തില്‍ അദ്ദേഹത്തിന് ഉര്‍വശീശാപം ഉപകാരമായി എന്നു പറയാം. വടകരയില്‍ എല്‍.ഡി.എഫ് സ്റ്റാര്‍ സ്ഥാനാര്‍ഥി കെ.കെ.ശൈലജ ടീച്ചര്‍ വന്നതോടെ മുരളീധരന് അല്പം തേളയിടി ഉണ്ടായി എന്നത് വാസ്തവമാണ്. അപ്പോള്‍ താനാഗ്രഹിക്കാതെ തന്നെ മാറ്റം കിട്ടിയത് രോഗി ഇച്ഛിക്കാതെ തന്നെ വൈദ്യന് കല്പിച്ചു കിട്ടിയതു പോലായി.
- നാരി ശക്തി എന്ന മോദി സർക്കാരിൻ്റെ കപടത തുറന്നു കാട്ടുന്ന വനിതകൾ; ക്യാപ്റ്റൻ ലക്ഷ്മിയും ഏഷ്യയിലെ ആദ്യ വനിതാ റജിമെൻ്റും
- മാർച്ച് 8; സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ദിനം
- മുരളീധരൻ തൃശൂരിലേക്ക്, പ്രതാപൻ മത്സരിച്ചേക്കില്ല; ഷാഫി വടകരയിൽ, ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റേയും രാഹുൽ മാങ്കൂട്ടത്തിന്റേയും പേരുകൾ; അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ