യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പ്രശ്നമായി വരുന്നത് പണമാണ്. എന്നാൽ വളരെ ബജറ്റ് ഫ്രണ്ട്ലി ആയിട്ട് ഇവിടേക്ക് പോയിട്ട് വന്നാലോ?
വിയറ്റ്നാം.. കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ നിന്നു ഒരു വിദേശ യാത്ര പോകാൻ ആഗ്രഹിക്കുമ്പോൾ ആദ്യം വരുന്ന രാജ്യങ്ങളിലൊന്ന്. പോക്കറ്റ് കാലിയാക്കാത്ത ചെലവും മനസ്സ് നിറയ്ക്കുന്ന കാഴ്ചകളും അടിപൊളി അനുഭവങ്ങളും നല്കുന്ന വിയറ്റ്നാം അതിന്റെ പ്രകൃതി സൗന്ദര്യം കൊണ്ടും ഗ്രാമങ്ങളുടെ ഭംഗിയും സാഹസിക വിനോദങ്ങളും ആളുകളുടെ സ്നേഹം കൊണ്ടും പേരുകേട്ട നാടാണ്.
യുദ്ധക്കെടുതികളിൽ നിന്നും ഇന്നത്തെ വിയറ്റ്നാമിലേക്ക് എത്തിപ്പെടാനുള്ള യാത്രയ്ക്ക് നീണ്ട ചരിത്രമുണ്ട്. പ്രകൃതിയോട് ചേർന്നുള്ള ജീവിതവും പാമ്പര്യങ്ങളെയും ചരിത്രത്തെയും മുറുകെ പിടിച്ചുള്ള കുതിപ്പും വിയറ്റ്നാമിനെ ആകെ മാറ്റിയിട്ടുണ്ട്. ബക്കറ്റ് ലിസ്റ്റിനെ ഒരിടം എന്ന നിലയിൽ നിന്നും നിർബന്ധമായും കണ്ടിരിക്കേണ്ട രാജ്യങ്ങളിലൊന്നായി വിയറ്റനാം മാറിയത് വെറുതേയല്ല!
ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ചെലവ് നോക്കുമ്പോൾ പോക്കറ്റ് കീറാതെ പോയി വരാൻ കഴിയുന്ന രാജ്യങ്ങളിലൊന്ന് വിയറ്റ്നാം തന്നെയാണ്. വിമാന ടിക്കറ്റ് നിരക്ക് മുതൽ ഹോട്ടൽ താമസം, ഭക്ഷണം, ലോക്കൽ ട്രാൻസ്പോര്ട്ടേഷൻ, വിയറ്റ്നാമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, ഷോപ്പിങ്, വിസാ ഫീസ് എന്നിങ്ങനെ ഏത് ചെലവ് ആയാലും ഒരു ബാധ്യതയ വരുത്താതെ പോയി വരാം എന്നതാണ് വിയറ്റ്നാം യാത്രയുടെ പ്രത്യേകത.
ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ അഥവാ ഇ-വിസ നല്കുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. 30 ദിവസത്തെ സാധുതയാണ് വിയറ്റ്നാം ഇ വിസയ്ക്കുള്ളത്. ഏകദേശം 2100 രൂപയോളം വരുമിത്. ഒറ്റത്തവണ മാത്രം പ്രവേശന സാധുതയുള്ള ഈ വിസ ലഭിക്കുവാൻ 4-5 ദിവസം വരെ മതിയാകും. നിലവിൽ ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിയറ്റ്നാം ഇ-വിസ നല്‍കുന്നുണ്ട്, ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഇ-വിസ, ഓണ്‍ അറൈവല്‍ വിസ സംവിധാനങ്ങളാണ് വിയറ്റ്നാം യാത്രക്കായി ഉള്ളത്.
ഇത് കൂടാതെ ലോക്കൽ സിം എടുക്കുവാൻ പരമാവധി 700 രൂപാ വരെയും മുടക്കേണ്ടി വരും.
ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്ക് പോയി വരുന്നതിന് സീസൺ അനുസരിച്ച് 2000 രൂപാ മുതൽ 30000 രൂപാ വരെയാണ് വിമാന ടിക്കറ്റ് ഇനത്തിൽ ചെലവാകുക. നവംബർ മുതൽ ഏപ്രിൽ വരെയാണ് വിയറ്റ്നാം സന്ദർശിക്കാൻ പറ്റിയ സമയം. സീസൺ, നിങ്ങൾ ബുക്ക് ചെയ്യുന്ന സമയം, വിമാനത്താവളം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിരക്ക്.
കേരളത്തിൽ നിന്നും വിയറ്റ്നാമിലേക്ക് പോകുന്നവർക്ക് വിയറ്റ്ജെറ്റ് കൊച്ചിയിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്നു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് കൊച്ചിയിവ് നിന്ന് ആഴ്ചയിൽ നാലു ദിവസം നേരിട്ട് ഫ്ലൈറ്റ് സർവ്വീസ് ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ആണ് സർവീസ്.
യാത്രയിലെ വലിയ ചെലവ് താമസത്തിന് മികച്ച ഹോട്ടൽ കണ്ടുപിടിക്കുന്നതാണ്. നല്ല സൗകര്യങ്ങളും സർവീസുകളും ലഭിക്കുന്ന ഹോട്ടൽ നോക്കുമ്പോൾ ചിലവും കൂടും. ബജറ്റ് യാത്രയിൽ അടിസ്ഥാന സൗകര്യങ്ങളുള്ള ഹോട്ടൽ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. 500 രൂപാ മുതൽ 1000 രൂപാ വരെയാണ് ഒരു രാത്രിക്ക് ബജറ്റ് ഹോട്ടലുകൾ ഈടാക്കുന്ന തുക. അതേസമയം ശരാശരി സൗകര്യങ്ങൾക്കു മുകളിൽ നല്കുന്ന ഹോട്ടലുകൾക്ക് 2000-4000 വരെയും ലക്ഷ്വറി ഹോട്ടലുകൾക്ക് 5000-10000 വരെ ഒരു രാത്രിക്ക് വേണ്ടി വരും.
യാത്രകളിൽ കോംപ്രമൈസ് പറ്റാത്ത കാര്യങ്ങളിലൊന്ന് ഭക്ഷണം ആണ്. ഭക്ഷണ പ്രേമികളാണെങ്കിൽ എക്സ്പ്ലോർ ചെയ്യാൻ നിരവധി ഇടങ്ങൾ വിയറ്റ്നാമിലുണ്ട്. എന്നാൽ ഭക്ഷണം അല്ല, സ്ഥലങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെങ്കിൽ വിയറ്റ്നാമിൽ വഴിയോരങ്ങളിൽ നിന്നും സാധാരണ കടകളിൽ നിന്നും ഒരു നേരത്തെ ഭക്ഷണത്തിന് 100 രൂപാ മുതൽ 300 രൂപാ വരെയാണ് ആവുക. മിഡ് റേഞ്ച് റസ്റ്റോറന്റുകളില്‍ 500 രൂപാ മുതൽ 100- രൂപാ വരെ ഒരു നേരത്തെ ഭക്ഷണത്തിന് പ്രതീക്ഷിക്കാം.
നഗരത്തിനുള്ളിലും അടുത്ത പ്രദേശങ്ങളിലും പോകാൻ ലോക്കൽ ബസുകൾ, ടാക്സി, ബൈക്കുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ലാഭകരം. ഇതിനുള്ള ചെലവ് ഒരു ദിവസം 200 മുതൽ 700 രൂപാ വരെയാ ആകൂ. അതേസമയം രാജ്യത്തിനുള്ളിലെ യാത്രകൾക്ക് വിമാനത്തിൽ 3000 മുതൽ 7000 വരെയാകും. ദീര്‍ഘദൂര ബസുകൾക്ക് ആയിരം മുതൽ 3000 വരെയാകും.
വിയറ്റ്നാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക നിരക്ക് നല്‍കേണ്ടതുണ്ട്. ശരാശരി 200 രൂപാ മുതൽ 500 രൂപാ വരെ ഒരിടത്ത് വേണ്ടിവരും.
Read More…സ്ത്രീകളറിയാൻ: ഈ 5 രോഗങ്ങളെ ഉറപ്പായും കരുതിയിരിക്കണം
വിയറ്റ്നാമിലേക്ക് ഇന്ത്യയിൽ നിന്നും പോകുമ്പോൾ ഒരാഴ്ചത്തേയ്ക്ക് വേണ്ടി വരിക 25000 മുതൽ 40,000 വരെയാണ്. ഇതിൽ ഫ്ലൈറ്റ് നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല. ബജറ്റ് യാത്രികർക്കാണ് ഈ ചെലവ്. അതേസമയം അല്പം പൈസ ചെലവാക്കി വിയറ്റ്നാം കാണാനിറങ്ങുകയാണെങ്കിൽ 45,000 മുതൽ 70,000 വരെയാകും ചിലവ്. ഇതിൽ ഫ്ലൈറ്റ് നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല