ഇന്ന് മാര്‍ച്ച് 8, ലോക വനിതാ ദിനം. പെണ്‍കരുത്തിനെ ഓര്‍പ്പിക്കാന്‍ ഒരു ദിനം കൂടി. ഓരോ വനിതാ ദിനവും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. സ്ത്രീകരുത്തിന്റെ, ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, വിയര്‍പ്പിന്റെ അധ്വാനത്തിന്റെ, സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ സ്ത്രീയും.
ചരിത്രത്തിന്റെ പിന്‍ബലവും കുത്തക ആധിപത്യത്തോട് ഒരിക്കലും സന്ധി ചെയ്യതെ പോരാടിയ വിപ്ലവ വീര്യമുണ്ട് ഓരോ സ്ത്രീകള്‍ക്കും. ഓരോ സ്ത്രീയും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപകര്‍ച്ചകളില്‍ ഓരോ ജീവിതത്തിലും അവള്‍ നല്‍കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാന്‍ വയ്യ. പുരുഷനെ പോലെ സ്ത്രീകളും തുല്യ അവകാശങ്ങള്‍ക്കും നീതിക്കും യോഗ്യരാണ് . അത് അവര്‍ക്ക് നേടി കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
സ്ത്രീകള്‍ മാറ്റിനിർത്തപ്പെടേണ്ടവരല്ല.മറിച്ച് ഓരോ തലമുറകള്‍ക്കും കൈമാറാന്‍ കഴിയുന്ന വലിയൊരു കരുത്തും പാഠവമുമാണ്. സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നതിനെയും വ്യവഹരിക്കുന്നതിനെയും ഭയപ്പെടുന്ന പുരുഷ മേധാവിത്വത്തിന്റെ ബോധപൂര്‍വ്വമായ ചെറുത്തുനില്‍പ്പാണ് ഇന്ന് സ്ത്രീജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍. അത്തരം സംഭവങ്ങളാണ് നാം ഇന്ന് രാജ്യത്ത് കാണുന്നതും കേള്‍ക്കുന്നതും.
ഇന്ന് ഈ ദിവസം മാത്രം സോഷ്യൽ മീഡിയകളിലൂടേയും മറ്റ് വേദികള്‍ തോറും സ്ത്രി സ്വാതന്ത്ര്യത്തേയും സുരക്ഷയേയും പറ്റി വാ തോരാതെ പ്രസംഗിച്ചും നടക്കേണ്ട ദിനം മാത്രമല്ല. സ്ത്രീകളുടെ ഉന്നമനത്തിനും അവള്‍ക്ക് രാജ്യത്ത് ഭയമില്ലാതെ ജീവിക്കാനും വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഓരോ വനിതാ ദിനവും ഓര്‍മ്മിപ്പിക്കുന്നത്.
















