തിരുവനന്തപുരം: ഉദ്ഘാടന പ്രസംഗത്തിന് നന്ദി പറഞ്ഞ അവതാരികയെ മുഖ്യമന്ത്രി വിരട്ടിയ പരിപാടിക്ക് ലക്ഷങ്ങൾ ചെലവ്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ഇന്‍സാഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുമ്പോഴാണ് അവതാരകയുടെ നന്ദി പ്രകടനത്തിനെതിരെ മുഖ്യമന്ത്രി ക്ഷോഭിച്ചത്. ‘അല്ല അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങള്‍ ആളെ വിളിക്കുന്നുണ്ടെങ്കില്‍ ആളെ വിളിച്ചാല്‍ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്‍സാഫ്- മായുന്ന അതിരുകള്‍, മാറുന്ന ചക്രവാളങ്ങള്‍ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് 11.50 ലക്ഷം രൂപയായിരുന്നു ചെലവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 3.20 ലക്ഷം രൂപയാണ് ഭക്ഷണത്തിനായി ചെലവായിരിക്കുന്നു. വാഹന സൗകര്യം 3 ലക്ഷം, ഹാള്‍ തയ്യാറാക്കാന്‍ 1.30 ലക്ഷം. വന്നവര്‍ക്കെല്ലാം പേന, ബാഗ്, റൈറ്റിംഗ് പാഡ് എന്നിവ അടങ്ങിയ കിറ്റ് കൊടുത്തതിന് ലക്ഷം രൂപ വേറെയും ചെലവായി.
മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മുത്തവല്ലിമാര്‍, ദറസ് വിദ്യാര്‍ത്ഥികള്‍, മദ്രസ്സ പ്രതിനിധികള്‍, വിവിധ മുസ്ലിം വെര്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഇന്നലെ രാവിലെ 10 മണിക്കാണ് പരിപാടി അരങ്ങേറിയത്.
















