ന്യൂഡൽഹി: പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.കരുണാകരൻ്റെ മകൾ ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവഡേക്കർ പത്മജക്ക് മെംബർഷിപ്പ് നൽകി.
പാർട്ടിയിൽ നിന്നേറ്റ അവഗണനയാണ് കോൺഗ്രസ് വിടാൻ കാരണം എന്ന് പത്മജ വ്യക്തമാക്കി. പ്രധാന മോദി ശക്തനായ നേതാവാണെന്നും പത്മജ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു.കോണ്‍ഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിച്ച തന്നെ സ്വന്തം പാർട്ടിക്കാർ തന്നെ തോല്പിച്ചു എന്നും സമയമാകുമ്പോൾ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും പത്മജ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും അവർ തൃശൂരിൽ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പാർട്ടി നേതാക്കളുമായി ഉണ്ടായ അകൽച്ചിലാണ് പത്മജ പാർട്ടി വിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വത്തോട് പരാതികൾ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. അതെല്ലാം ചവറ്റുകൊട്ടയില്‍ പോയി. കോൺഗ്രസിന് നേതൃത്വമില്ല. അച്ഛൻ പാര്‍ട്ടി വിട്ടപ്പോഴും കോണ്‍ഗ്രസില്‍ അടിയുറച്ചു നിന്നു. സീറ്റ് നല്‍കിയിട്ട് കോണ്‍ഗ്രസ് തന്നെ തോല്‍പിച്ചുവെന്നും പത്മജ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്ന് നേതാവായ വ്യക്തിയാണ്. അദ്ദേഹം തന്നെ ഭരിക്കാന്‍ വരേണ്ട. സോണിയ ഗാന്ധിയോട് ബഹുമാനമുണ്ട്. മോദിയുടെ ശക്തമായ നേതൃത്വത്തിൽ വിശ്വസിക്കുന്നെന്നും പത്മജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത് ” – എന്നും പത്മജ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വലിയ മാറ്റംവരുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിക്കുമെന്നും അംഗത്വം നല്‍കിയ ശേഷം ജാവഡേക്കര്‍ വ്യക്തമാക്കി .
















