പാലരുവി എക്സ്പ്രസ് ട്രെട്രെയിനിലെ ലേഡീസ് കോച്ചുകള്‍ വാഗണ്‍ ദുരന്തത്തിന് സമാനമായ അവസ്ഥയിലാണ് ഓട്ടം നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ കോച്ചുകള്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. ഇതിനാല്‍ പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് സ്ത്രീകള്‍ നേരിടുന്നത്. 20 സീറ്റുകള്‍ മാത്രമേ ഒരു കോച്ചിലുള്ളൂ. കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതല്‍ പാലരുവിയിലെ എല്ലാ കോച്ചിന്റെയും അവസ്ഥ. അതികഠിനമായ തിരക്കിലും സ്ത്രീകള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാല്‍ പാലരുവിയിലെ ലേഡീസ് കോച്ചില്‍ ഇപ്പോള്‍ പടിവാതിലില്‍ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകള്‍ യാത്ര ചെയ്യുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന പാലരുവിയിലാണ് യാത്രാക്ലേശം പാരമ്യത്തിലെത്തുന്നതെന്നും കോച്ചുകളില്‍ കയറാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാരിയായ സനൂജ മനു പറയുന്നു. പാലരുവിയ്ക്ക് ശേഷം ഒന്നരമണിക്കൂര്‍ ഇടവേളയിലാണ് കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള അടുത്ത ട്രെയിന്‍ വേണാട് എക്സ്പ്രസ്സ് എത്തുന്നത്. രണ്ട് ട്രെയിനുകളിലെയും തിരക്കുകള്‍ പരിഹരിക്കുന്നതിന് പാലരുവിയ്ക്കും വേണാടിനുമിടയില്‍ ഒരു മെമു സര്‍വീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അതിരാവിലെ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും കുട്ടികള്‍ക്കും പ്രായമായവര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് പുലര്‍ച്ചെ തന്നെ വീടുകളില്‍ നിന്നും ഇറങ്ങുന്നവരാണ് അധികം സ്ത്രീകളും. പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയം ലഭിക്കാതെ കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ തിരക്കുമൂലം കുടിയ്ക്കാന്‍ വെള്ളമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പാലരുവിയിലെ യാത്ര. വന്ദേഭാരതിന് വേണ്ടി മുളന്തുരുത്തിയില്‍ ഇരുപത് മിനിറ്റിലേറെ ഇപ്പോള്‍ ദിവസവും പിടിച്ചിടുന്നുണ്ട്.
ഈ സമയം വായൂസഞ്ചാരം പോലുമില്ലാതെ കോച്ചുകളില്‍ സ്ത്രീകള്‍ കുഴുഞ്ഞു വീഴുകയാണെന്ന് സ്ഥിരയാത്രക്കാരിയായ ആര്യ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിലെ 16791/92 പാലരുവി എക്സ്പ്രസ്സിലെ ലേഡീസ് കോച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് ഫ്രണ്ട്സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ ആതിര, മിനി ഉമ്മന്‍, കൃഷ്ണ, അംബികാ ദേവി എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഉടനെ ഈ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് വനിതാ യാത്രികര്‍. പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയ ചെങ്കോട്ട പാതയില്‍ 22 കോച്ചുകള്‍ ഇപ്പോള്‍ പരിഗണയിലാണ്. നിലവില്‍ പാലരുവി 14 കോച്ചുകളുമായാണ് സര്‍വീസ് നടത്തുന്നത്. തിരക്ക് കുറയ്ക്കാന്‍ പാലരുവിയിലെ ബോഗികള്‍ കൂട്ടുന്നതും ഒരു പരിഹാരമാണ്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ