തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്കരണ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ സ്വകാര്യ സംരംഭകരുമായി കൈകോര്‍ത്ത് കേരള ശുചിത്വ മിഷന്‍. മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയിലെ സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും മികച്ച പരിരക്ഷ ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
മാലിന്യ സംസ്കരണ രംഗത്ത് കാതലായ മാറ്റം വരുത്താന്‍ സ്വകാര്യ സംരംഭങ്ങള്‍ അനിവാര്യമാകുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നിര്‍വഹണത്തിന് ശുചിത്വ മിഷന്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുമായെത്തുന്ന സംരംഭകന് സ്വിസ് ചലഞ്ച് രീതിയില്‍ അവരുടെ ആശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള അവസരം ശുചിത്വ മിഷന്‍ ഒരുക്കും.
ആദ്യഘട്ടത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരെ എംപാനല്‍ ചെയ്യും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജൈവ- അജൈവ മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളതുമായ പരിചയസമ്പന്നരായ സംരംഭകരെയാണ് എംപാനല്‍ ചെയ്യുക.
ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്‍റുകളുടേയും വികേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടേയും നിര്‍മാണ /വിതരണ /നടത്തിപ്പ് എന്നിവയ്ക്ക് പുറമെ സാനിറ്ററി / ഹെയര്‍ / ഇലക്ട്രോണിക് മാലിന്യം / കെട്ടിട നിര്‍മ്മാണ പൊളിക്കല്‍ മാലിന്യം, പുനഃചംക്രമണയോഗ്യമല്ലാത്ത റിജക്ട് മാലിന്യം, പുനഃചംക്രമണയോഗ്യമായ പ്ലാസ്റ്റിക് മാലിന്യം മുതലായവയുടെ സംസ്കരണ മേഖലകളിലും ഇനോക്കുലം / നിര്‍മാണ വിതരണ പ്രവൃത്തികളിലും പ്രാവീണ്യമുള്ളവരെയാണ് പരിഗണിക്കുന്നത്.
Read more ….
എംപാനല്‍ ചെയ്യപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭകരമായി സംരംഭങ്ങള്‍ നടത്താനുള്ള സൗകര്യം ശുചിത്വ മിഷന്‍ ഒരുക്കും. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ / പ്ലാന്‍റുകള്‍ എന്നിവയുടെ നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനും പരിപാലനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.
മാലിന്യ സംസ്കരണ മേഖലയില്‍ നിക്ഷേപ താല്പര്യമുള്ള സംരംഭകര്‍ക്ക് സാങ്കേതിക സഹായവും ശുചിത്വ മിഷന്‍ നല്കും. താല്പര്യമുള്ള സംരംഭകര്‍ക്ക് ശുചിത്വമിഷന്‍ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: https://suchitwamission.org/web/swm-empanelment