കോര്‍ണിയയ്ക്കും ഐറിസിനും ഇടയില്‍ (ആന്റീരിയര്‍ ചേമ്ബര്‍) രക്തം കെട്ടിക്കിടക്കുന്നതിനെയാണ് ഹൈഫീമ എന്ന് പറയുന്നത്. ഇവിടെ രക്തം അടിഞ്ഞുകൂടുന്നത് ഐറിസിനെയും കൃഷ്ണമണിയെയും ഭാഗികമായി മറയ്ക്കുകയും കാഴ്ചശക്തിയെ ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുത്തുകയും ചെയ്യും. കണ്ണിലൂടെ പ്രകാശം കടന്നുപോകുന്നതിനെ ഹൈഫീമ തടസ്സപ്പെടുത്തുന്നതു മൂലമാണ് കാഴ്ച മറയുന്നത്.
കണ്‍മിഴിയെയും അകത്തെ കണ്‍പോളയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചര്‍മ്മ പാളിയുടെ അടിയില്‍ നിന്നുള്ള രക്തസ്രാവത്തില്‍ (സബ്-കണ്‍ജക്റ്റിവല്‍ ഹെമറേജ്) നിന്ന് വ്യത്യസ്തമാണ് ഹൈഫീമ.
കാരണങ്ങള്‍
ആഘാതങ്ങളും അപകടങ്ങളും കായികമത്സരങ്ങളുമാണ് ഹൈഫീമയുണ്ടാവാനുള്ള വളരെ സാധാരണമായ കാരണങ്ങള്‍.
മറ്റു കാരണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
ചില നേത്ര ശസ്ത്രക്രിയകളും തിമിര ശസ്ത്രക്രിയ നടത്തുന്നയവസരത്തില്‍ വയ്ക്കുന്ന കൃത്രിമ ലെന്‍സു മൂലം എന്തെങ്കിലും പ്രശ്നമുണ്ടാകുന്നത്.
ഐറിസിന്റെ പ്രതലത്തില്‍ അസ്വാഭാവിക രക്തക്കുഴലുകള്‍ ഉള്ള അവസ്ഥ (റൂബിയോസിസ് ഐറിഡിസ്)
ഹേര്‍പ്സ് വൈറസ് മൂലം കണ്ണിനുണ്ടാകുന്ന അണുബാധ
രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ (ഹീമോഫീലിയ, വോണ്‍ വില്ലെബ്രാന്‍ഡ് രോഗം)
രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നത് (ആസ്പിരിന്‍, വാര്‍ഫാരിന്‍)
അപൂര്‍വമായി, ചില ക്യാന്‍സറുകള്‍ (ലുക്കീമിയ, ഐറിസ് മെലനോമ)
ലക്ഷണങ്ങള്‍
ഹൈഫീമയുടെ ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
കോര്‍ണിയയ്ക്ക് പിന്നില്‍ രക്തം കെട്ടിക്കിടക്കുന്നതിനാല്‍, കണ്ണിന്റെ മുന്‍ഭാഗത്തെ അറയിലേക്കുള്ള (ആന്റീരിയര്‍ ചേമ്ബര്‍) രക്തസ്രാവം കാണാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും.
കണ്ണിനു പരുക്കു പറ്റിയിട്ടുള്ളവര്‍ക്ക് കണ്ണിന് വേദനയും അനുഭവപ്പെടും
പ്രകാശത്തോടുള്ള അമിത പ്രതികരണം
കാഴ്ചയ്ക്ക് അവ്യക്തത, മൂടല്‍ അല്ലെങ്കില്‍ കാഴ്ച നഷ്ടം
ചിലയവസരങ്ങളില്‍, നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത രീതിയിലുള്ള, വളരെ ചെറിയ തോതിലുള്ള, രക്തസ്രാവം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് നേത്ര പരിശോധനയ്ക്കുള്ള മൈക്രോസ്കോപ്പിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
രോഗനിര്‍ണയം
ഒരു നേത്രരോഗ വിദഗ്ധന്‍/വിദഗ്ധയ്ക്ക് ഇനി പറയുന്ന രീതികളിലൂടെ ഹൈഫീമ നിര്‍ണയിക്കാന്‍ സാധിക്കും;
കണ്ണിന്റെ സാധാരണ പരിശോധന
കാഴ്ചശക്തി നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍
കണ്ണിനുള്ളിലെ രക്തസമ്മര്‍ദം കണക്കാക്കല്‍
സ്ലിറ്റ്-ലാമ്ബ് പരിശോധന: കണ്ണിന്റെ ആന്തരിക ഘടന മനസ്സിലാക്കുന്നതിനായി ഒരു പ്രത്യേക മൈക്രോസ്കോപ്പ് ഉപയോഗിക്കുന്നു.
കണ്‍കുഴികളുടെ എല്ലുകള്‍ക്കോ മുഖത്തെ മറ്റ് എല്ലുകള്‍ക്കോ പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി സിടി സ്കാന്‍ അല്ലെങ്കില്‍ എംആര്‍ഐ സ്കാന്‍ നടത്തുന്നു.
ചികിത്സ
സാരമില്ലാത്ത കേസുകളില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് ആഴ്ചകൊണ്ട് ഹൈഫീമ ഭേദമാകും. നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിര്‍ദേശിച്ചേക്കാം;
കിടക്കയുടെ തല ഭാഗം സുഖപ്രദമായ നിലയില്‍ ഉയര്‍ത്തിവച്ച് വിശ്രമിക്കണമെന്ന് നിര്‍ദേശിച്ചേക്കാം.
കഠിന ജോലികളില്‍ ഏര്‍പ്പെടുന്നതും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കും.
കൂടുതല്‍ പരുക്ക് പറ്റുന്നത് ഒഴിവാക്കുന്നതിനായി ഒരു മറ ഉപയോഗിച്ച് കണ്ണ് സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചേക്കാം.
ആസ്പിരിന്‍ അല്ലെങ്കില്‍ മറ്റു നോണ്‍-സ്റ്റിറോയിഡല്‍ മരുന്നുകള്‍ (ഇബുപ്രോഫെന്‍, നാപ്രൊക്സെന്‍ പോലെയുള്ളവ) കഴിക്കരുത് എന്ന് നിര്‍ദേശിക്കും.
അസെറ്റാമിനോഫെന്‍ (പാരസെറ്റമോള്‍) പോലെയുള്ള ശക്തി കുറഞ്ഞ വേദനസംഹാരികള്‍ നിര്‍ദേശിക്കാം.
കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കുന്നതിനും കണ്ണ് വലുതാക്കുന്നതിനും (ഡൈലേറ്റിംഗ്) ഉള്ള ഐ ഡ്രോപ്പുകള്‍
ദിവസംതോറും കണ്ണിലെ സമ്മര്‍ദം അളക്കല്‍
സമ്മര്‍ദം കൂടുകയാണെങ്കില്‍, അത് കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍
പ്രതിരോധം
മിക്കപ്പോഴും ആഘാതങ്ങള്‍ മൂലമാണ് ഹൈഫീമ ഉണ്ടാകാറുള്ളത്. ചില തരം കായികമത്സരങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ കണ്ണിനു ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍, അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ കണ്ണിനു സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റുകള്‍, സ്പോര്‍ട്സ് ഗ്ളാസുകള്‍ അല്ലെങ്കില്‍ ഗോഗിള്‍സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.