ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. നാളെ ബിജെപി ആസ്ഥാനത്ത് എത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് ഏഷ്യാനെറ്റ് അടക്കമുള്ള കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾ പത്മജ നിഷേധിച്ചിരുന്നു.
ബിജെപിയിൽ ചേരുമെന്ന വാർത്തകളും പ്രചാരണങ്ങളും തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ നേരഞ്ഞെതള്ളിയിരുന്നു. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പോസ്റ്റാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
‘ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’ എന്നാണ് പത്മജ വേണുഗോപാൽ കുറിച്ചത്.
പത്മജയുടെ സഹോദരനും മുൻ കെപിസിസി പ്രസിഡൻ്റുമായ കെ മുരളീധരൻ മത്സരിക്കാനിരിക്കേയാണ് അവരുടെ നീക്കം. കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ച അവഗണനയും തനിക്ക് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പാർട്ടിയിലുള്ള ചിലർക്കുള്ള പങ്കിനെതിരേ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് മലയാള വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
















