തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അവകാശപ്പെടുമ്പോഴും വിചിത്ര തീരുമാനവുമായി സംസ്ഥാന സർക്കാർ. അഹമ്മദ് ദേവര്‍കോവില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരിക്കെ വാങ്ങിയ ഫോണിന് പണം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ. 28501 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അഹമ്മദ് ദേവര്‍കോവില്‍ നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മന്ത്രിമാർക്ക് ഫോണ്‍ വാങ്ങാന്‍ 30000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുമ്പോള്‍ ഇത് തിരിച്ച് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ പദവി ഒഴിയുന്ന മന്ത്രിക്ക് കുറഞ്ഞ നിരക്കില്‍ സർക്കാർ ചെലവിൽ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും പിണറായി സർക്കാർ ഒരുക്കുന്നുണ്ട്.
മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് ഇത്തരത്തില്‍ ആദ്യമായി ഫോണ്‍ ലഭിച്ചത്. മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്ത് പരിഗണിച്ച് മുഖ്യമന്ത്രി ട്രഷറിയില്‍ 3600 രൂപയടച്ച് ഫോണ്‍ സ്വന്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 30000 രൂപ ചിലവഴിച്ച് വാങ്ങിയ ഫോണാണ് 3600 രൂപയ്ക്ക് ആൻ്റണി രാജു സ്വന്തമാക്കിയത്
മന്ത്രിക്ക് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയും ഫോണ്‍ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചു. 2880 രൂപ ട്രഷറിയിലടച്ച് ഫോണ്‍ സ്വന്തമാക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. 20000 രൂപ മുടക്കി വാങ്ങിയ ഫോണാണ് ഈ ചെറിയ തുക നല്‍കി പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനിലും സ്വന്തമാക്കിയത്.
















