കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇതേതുടർന്ന് കുഴൽനാടനും ഷിയാസും കോതമംഗലം കോടതിയിലേക്ക് ഓടിക്കയറി.
പൊലീസ് വാഹനം ആക്രമിച്ച കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമം. മുവാറ്റുപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കോടതി വളപ്പിൽ ഉണ്ടായിരുന്നത്.
ഇതേതുടർന്ന് കോടതി പരിസരത്ത് വലിയ സംഘർഷത്തിന് വഴിവെച്ചു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കോടതിക്ക് പുറത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടംകൂടി നിൽക്കുകയാണ്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വീണ്ടും വിളിച്ചു വരുത്തി. കേസ് ഉച്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവർക്കും കഴിഞ്ഞ ദിവസം അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരമാക്കുകയാണ് കോടതി ചെയ്തത്. ഇവർക്കൊപ്പം കേസിലെ മറ്റ് പ്രതികളായ 14 പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. മാത്യു കുഴൽനാടൻ ആണ് കേസിലെ ഒന്നാം പ്രതി.