ഭരണകൂടവും ജുഡീഷ്യറിയും പരസ്പരം കെട്ടിപ്പുണരുന്ന വർത്തമാനകാല ദുരവസ്ഥയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യയയുടെ രാജി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ വേണ്ടിയാണ് ജഡ്ജി രാജിവച്ചിരിക്കുന്നത്. ഭരണ പാർട്ടിയുടെ കടുത്ത ശത്രുവായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും സംസ്ഥാന സർക്കാരിനും നിരവധി തവണ തലവേദനയുണ്ടാക്കിയ വിധികൾ പുറപ്പെടുവിച്ചതിന് ശേഷമാണ് രാജി. നിയമനകുംഭകോണമടക്കം പല അഴിമതിവിഷയങ്ങളിലും സംസ്ഥാനസർക്കാരിനെ കടുത്ത സമ്മർദത്തിലാക്കിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് ഗംഗോപാധ്യായ . വിരമിക്കാൻ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി. എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേട്, അധ്യാപകനിയമത്തിലെ ക്രമക്കേട് തുടങ്ങിയ അന്വേഷിക്കാൻ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണഏജൻസികൾക്ക് സംസ്ഥാനത്തേക്ക് എത്താൻ വഴിയൊരുക്കിയതും ഇദ്ദേഹമാണ്.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻഗഗോയി; സുപ്രീംകോടതി ജഡ്ജി അബ്ദുൾ നസീർ, ജസ്റ്റിസ് എകെ ഗോയൽ, ജസ്റ്റിസ് ആർകെ അഗർവാൾ, ജസ്റ്റിസ് പളനിവേൽ സദാശിവം, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക്, ജസ്റ്റിസ് പി ഉബൈദ് എന്നിവരുടെ പട്ടികയിലേക്കാണ് ജസ്റ്റിസ് ഗംഗോപാധ്യായയും നടന്നു കയറുന്നത്. മേൽ പറഞ്ഞവർ എല്ലാം തന്നെ ഔദ്യോഗിക പദവികളിൽ നിന്നും വിരമിച്ച ശേഷം സർക്കാർ പുതിയ പദവികളിൽ നിയമിച്ച് അഭയം കൊടുത്തവരാണ്. അവസാ രണ്ട് വ്യക്തിത്വങ്ങൾക്ക് അഭയം കൊടുത്തത് കേരള സർക്കാരാണ് എന്ന വസ്തുതയും ഇവിടെ പ്രസക്തമാണ്.ഇവരിൽ നിന്നും വ്യത്യസ്തനായി സേവനകാലയളവിൽത്തന്നെ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂർവ നേട്ടവും ജസ്റ്റിസ് ഗംഗപോധ്യായ സ്വന്തമാക്കി.
രാജ്യത്തിൻ്റെ മുൻ ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി രാജ്യസഭയിലേക്കായിരുന്നു നോമിനേറ്റ് ചെയ്തത്. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച അതേ ദിവസം തന്നെ ജസ്റ്റിസ് എ കെ ഗോയൽ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ചെയർമാനായി. അയോധ്യ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീറിന് ആന്ധ്ര ഗവർണാറായും നിയമനം ലഭിച്ചു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ മെയ് അവസാന വാരത്തിലാണ് ജസ്റ്റിസ് ആർകെ അഗർവാളിനെ ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷൻ (എൻസിഡിആർസി) ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിനെ കേരള സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചു. കേരളത്തിലെ ഭരണ പാർട്ടിയുടെ ഭാവിയെ ബാധിക്കുന്ന കേസുകളായിരുന്നു ജസ്റ്റിസ് ഡൊമനിക്ക് കൈകാര്യം ചെയ്തതെന്ന് ഇതോടൊപ്പം കൂട്ടി വായിക്കുക. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് പി ഉബൈദിനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചതും സംസ്ഥാനത്ത് ചർച്ചയായി.
2014 സെപ്റ്റംബറിൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവർണറായി നിയമിച്ചപ്പോഴും സമാനമായ ചോദ്യങ്ങൾ ഉയർന്നിരുന്നു . ഭരണകക്ഷിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് പുതിയ പദവി എന്ന വിമർശനം അന്ന് ഉയർന്നിരുന്നു. തുളസിറാം പ്രജാപതി കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരായ രണ്ടാം എഫ്ഐആർ റദ്ദാക്കിയ വിധിയുമായി ബന്ധപ്പെട്ടായിരുന്നു ആ വിമർശനങ്ങൾ.എന്നാൽ തൻ്റെ നിയമനത്തിന് ആ കേസിലെ വിധിയുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സദാശിവം വിമർശനങ്ങളെ പ്രതിരോധിച്ചു .എന്നാൽ സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ മുന്നോട്ടുവച്ച ഓർഡിനൻസിൽ ഒപ്പിടേണ്ടി വന്നപ്പോഴും ആ ഓർഡിനൻസ് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തപ്പോഴും മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസായ സദാശിവം കേരള ഗവർണർ എന്ന നിലയിൽ ലജ്ജിച്ച് തല കുനിച്ച് നിൽക്കേണ്ട സാഹചര്യത്തിനും നാം സാക്ഷിയായി.
നിയമജ്ഞർ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ‘quid pro quo ‘ ( something given or received for something else) എന്നത്. മേൽ പറഞ്ഞ വ്യക്തികളുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിമർശകർ ചൂണ്ടിക്കാട്ടുന്നതും ഈ പ്രയോഗത്തെയാണ്. ഉദ്ദിഷ്ട കാര്യത്തിന് കൊടുത്തതിന് ഉപകാരസ്മരണ എന്നാണ് ഈ പ്രയോഗത്തിൻ്റെ മലയാള അർത്ഥം. എന്നാൽ ഇത്തരം ഉപകാരസ്മരങ്ങൾ മുന്നിൽ കണ്ട് വഴങ്ങിക്കൊടുക്കാത്ത ജഡ്ജിമാരും ഇന്ത്യയിൽ ഉണ്ട് എന്നതും ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. വിരമിക്കലിന് ശേഷം സർക്കാർ നൽകുന്ന ഒരു നിയമനവും താൻ ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ പ്രഖ്യാപിച്ചിട്ടുണ്ട്.
ജസ്റ്റിസ് കുര്യൻ ജോസഫും ഇത്തരം ജോലികൾ സ്വീകരിക്കുന്നതിലുള്ള വിമുഖത തുറന്നു പറഞ്ഞിട്ടുണ്ട്. കേരള ഹൈക്കോടതി ജഡ്ജിയായി വിരമിക്കുകയും തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ വിവാദ പരാമർശങ്ങൾ നടത്തുകയും ജസ്റ്റിസ് ബി.കെമാൽ പാഷയും ജഡ്ജിമാർക്ക് അഭയം നൽകാൻ ഭരണകൂടം പുതിയ പദവികൾ നൽകുന്ന പുതിയ ആചാരത്തിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പുതിയ ആചാരത്തിൻ്റെ ഭാഗമാകാൻ പോകുന്ന അടുത്ത പേരുകാരൻ ആരായിരിക്കും. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പ്രതീക്ഷിക്കുന്നവരുടെ ലിസ്റ്റ് ഇനിയും നീളാനാണ് സാധ്യത.