രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രിക്ക് ഇമെയിലിൽ ബോംബ് ഭീഷണി

ബംഗളൂരു: കർണാടക ബോംബിട്ട് തകർക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മന്ത്രിമാർക്കും ബോംബ് ഭീഷണി സന്ദേശം. ഷാഹിദ് ഖാൻ എന്നു പേരുള്ള വ്യക്തിയാണ് ഇമെയിൽ വഴി സന്ദേശം അയച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.48ന് ബംഗളൂരുവിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. Shahidkhan10786@protonmail.com എന്ന ഇമെയിൽ അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളത്.

”സിനിമ ട്രെയിലറിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? നിങ്ങൾ 2.5 മില്യൺ യു.എസ് ഡോളർ നൽകാൻ തയാറല്ലെങ്കിൽ ഞങ്ങൾ കർണാകടയിലെ ബസുകളും ട്രെയിനുകളും ക്ഷേത്രങ്ങളും ഹോട്ടലുകളും പൊതുയിടങ്ങളും ബോംബ് വെച്ച് തകർക്കും. അതിന്റെ സ്ക്രീൻഷോട്ടുകൾ നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അയക്കും. അടുത്ത സ്ഫോടനത്തെ കുറിച്ചുള്ള വിവരവും നിങ്ങളെ അറിയിക്കും. ഒരു ട്രെയിലറു കൂടി കാണിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. അംബാരി ഉത്സവ് ബസ് സ്ഫോടനത്തിൽ തകർക്കാൻ പോവുകയാണ്. അതിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഞങ്ങളുടെ ആവശ്യങ്ങൾ അറിയിക്കും. നിങ്ങൾക്കയച്ച ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും ഞങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കും. അടുത്ത സ്ഫോടനത്തെ കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്യും. ”-എന്നായിരുന്നു സന്ദേശം.

Read more : 

    

ആളുകൾ തിങ്ങിക്കൂടുന്ന റസ്റ്റാറന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ബോംബിടുമെന്നാണ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സംസ്ഥാന ആഭ്യന്തരമന്ത്രി, ബംഗളൂരുവിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കയച്ച ഭീഷണി സന്ദേശത്തിൽ സൂചിപ്പിച്ചത്.
എന്നാൽ 2.5 മില്യൺ യു.എസ് ഡോളറോ 20 കോടി രൂപയോ തന്നാൽ സ്ഫോടനം നടത്തില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മാർച്ച് ഒന്നിന് ബംഗളൂരുവിലെ പ്രമുഖ റസ്റ്റാറന്റ് ആയ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ 10 പേർ ചികിത്സയിലാണ്. അതിനു പിന്നാലെയാണ് ബോംബ് സ്ഫോടന ഭീഷണി. രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തിരുന്നു.