വനിതകളുടെ സ്വകാര്യതയും ആരോഗ്യവും ഉറപ്പാക്കാന്‍ ”മെഡ്-ലേഡി” പദ്ധതിയുമായി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി: വനിതകളുടെ പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കായി വനിതാദിനത്തോടനുബന്ധിച്ച് ”മെഡ്-ലേഡി” എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. സംരംഭകയും കണ്ടന്റ് ക്രിയേറ്ററുമായ ഡോ. ആല്‍ഡ ഡേവിസ് പരിപാടി ഉദ്ഘാടനം ചെയ്തു.

തിരക്കേറിയ ഇന്നത്തെ ലോകത്ത് കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കുന്ന സ്ത്രീകള്‍ അവരുടെ സ്വന്തം ആരോഗ്യവും സൗഖ്യവും പലപ്പോഴും അവഗണിക്കുന്നു. സ്ത്രീകളില്‍ പല ആരോഗ്യപ്രശ്‌നനങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ടെങ്കിലും മിക്ക ലക്ഷണങ്ങളും അവഗണിക്കപ്പെടുന്നത് ആശങ്കയാണ്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ കാഴ്ചപ്പാടുകളും മാനഭയവും ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ തേടുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഈ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ഉദ്യമത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കമിട്ടിരിക്കുന്നത്. ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും വനിതാഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.

മടിയില്ലാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഡോക്ടര്‍മാരോട് തുറന്നുപറയാന്‍ സ്ത്രീകളെ സഹായിക്കുന്ന അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും അവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനുള്ള അവസരങ്ങള്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യം.

Read more ….

ജനറല്‍ സര്‍ജറി കണ്‍സല്‍ട്ടന്റ് ഡോ. സൗമ്യ ജോണ്‍, പ്രസവചികിത്സാ, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ടീന ആന്‍ ജോയ്, ശ്വാസകോശരോഗവിഭാഗത്തിലെ ഡോ. എലിസബത്ത് സുനില സിഎക്‌സ്, ഹൃദ്രോഗവിഭാഗത്തിലെ ഡോ. ടെഫി ജോസ്, നഴ്‌സിംഗ് മേധാവി തങ്കം രാജരത്തിനം, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. താജ് വിവാന്തയില്‍ നടന്ന കൊച്ചി മെര്‍കാറ്റോയുടെ ഏഴാം പതിപ്പിനോട് അനുബന്ധിച്ചായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.