2024 വേൾഡ് കാർ അവാർഡ്സിൽ രണ്ട് ഭാഗങ്ങളിൽ ഫൈനലിസ്റ്റ് പട്ടികയിലെ ആദ്യ മൂന്നിൽ ഇടം നേടി കിയ ഇ വി 9. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്‌ട്രിക് വെഹിക്കിൾ ടൈറ്റിലുകൾ എന്നിവയ്‌ക്കായുള്ള വിധിനിർണയത്തിൻ്റെ അവസാന റൗണ്ടിൽ ഓൾ-ഇലക്‌ട്രിക് ഇ വി 9 മത്സരിക്കും.
2003-ൽ തുടക്കം കുറിക്കപ്പെട്ട വേൾഡ് കാർ അവാർഡുകൾ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മികവിൻ്റെ മാനദണ്ഡമായി ആഗോളതലത്തിൽ പ്രശസ്തമാണ്. ഈ വർഷത്തെ മത്സരത്തിൽ കിയ ഇ വി9-ന് അംഗീകാരം ലഭിച്ചത് നൂറിലധികം പ്രഗത്ഭരായ ആഗോള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളുടെ ജൂറിയിൽ നിന്നാണ്.
2024 കിയ ഇ വി 9, കിയയുടെ ആദ്യത്തെ സമ്പൂർണ ഇ വി പ്ലാറ്റ്ഫോം അധിഷ്ടിത മൂന്ന്-നിര ഇ വി എസ്‌യുവിയാണ്. ധീരവും ആധുനികവുമായ രൂപകൽപ്പന ഉൾക്കൊള്ളുന്ന, മുൻനിര എസ്‌യുവി ഏറ്റവും പുതിയ ഇവി സാങ്കേതികവിദ്യയും അതോടൊപ്പം അസാധാരണമായ വൈവിധ്യവും എല്ലാ യാത്രക്കാർക്കും ഉദാരമായ ഇടവും വാഗ്ദാനം ചെയ്യുന്നു.
2020-ൽ കിയ ടെല്ലുറൈഡ് -ഉം 2023-ൽ കിയ ഇ വി 6 ജി ടി യും നേടിയ വേൾഡ് കാർ അവാർഡുകളിലെ നേട്ടങ്ങൾക്ക് ശേഷം, ഈ വർഷം ഇ വി 9 നേടാൻ സാധ്യത ഉള്ള ഇരട്ടവിജയങ്ങൾ കൂടി നേടിയാൽ കിയയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തും. 2024 മാർച്ച് 27-ന് നടക്കുന്ന ന്യൂയോർക്ക് ഇൻ്റർനാഷണൽ ഓട്ടോ ഷോ (NYIAS) വേൾഡ് കാർ അവാർഡ് ചടങ്ങിൽ അന്തിമ വിജയികളെ തത്സമയം പ്രഖ്യാപിക്കും.