ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി തനിക്കു മുതിർന്ന സഹോദരനെപ്പോലെയാണെന്ന് റെഡ്ഡി പറഞ്ഞു. തെലങ്കാന വികസിക്കണമെങ്കിൽ ഗുജറാത്ത് മോഡൽ പിന്തുടരണമെന്നും കേന്ദ്ര സർക്കാരുമായി ഇടഞ്ഞുനിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിലെ ആദിലാബാദിൽ 6,697 കോടി രൂപയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിലാണു മോദിയെ സാക്ഷിനിർത്തി റെഡ്ഡിയുടെ പ്രകീർത്തനം. ”പ്രധാനമന്ത്രിയെന്നാൽ നമുക്ക് മൂത്ത സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ മാത്രമേ സംസ്ഥാനങ്ങൾക്കു മുന്നോട്ടു പോകാനാകൂ. തെലങ്കാന വികസിക്കണമെങ്കിൽ ഗുജറാത്തിനെപ്പോലെ മുന്നോട്ടു കുതിക്കേണ്ടതുണ്ട്. അതിന് താങ്കളുടെ സഹായം ആവശ്യമാണ്.”-മോദിയെ നോക്കി രേവന്ത് റെഡ്ഡി പറഞ്ഞു.
മോദിയുടെ അഞ്ച് ട്രില്യൻ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് അഞ്ച് മെട്രോപൊളിറ്റൻ നഗരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഹൈദരാബാദിനും സംഭാവനയർപ്പിക്കാൻ ആഗ്രഹമുണ്ട്. മെട്രോ റെയിലിന്റെ കാര്യത്തിൽ ഞങ്ങളെ പിന്തുണക്കണം. സബർമതി നദി താങ്കൾ വികസിപ്പച്ച പോലെ മൂസി നദിയും ഞങ്ങൾക്കു പുനരുജ്ജീവിപ്പിക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു.
Read more :
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടായാൽ അതിന്റെ നഷ്ടം ആത്യന്തികമായി ജനങ്ങൾക്കാണെന്നും തെലങ്കാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയം തെരഞ്ഞെടുപ്പ് വരെ മാത്രം മതി. അതു കഴിഞ്ഞാൽ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനങ്ങളുടെ വികസനത്തിനായിരിക്കണം തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ പരിശ്രമിക്കേണ്ടതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിൽനിന്നു വ്യത്യസ്തനായി മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു റെഡ്ഡി. ആദിലാബാദ് വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മുൻപ് പലതവണ തെലങ്കാനയിലെത്തിയപ്പോഴെല്ലാം കെ.സി.ആർ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. മോദി പങ്കെടുത്ത ചടങ്ങിൽനിന്നും വിട്ടുനിന്നിരുന്നു.