തൃശൂർ: ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെയും ചെമ്പിൻ്റെയും അളവ് അറിയാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് തൃശൂരിലെ ലൂർദ് പള്ളി. പള്ളി വികാരിയും ട്രസ്റ്റിയും ഉൾപ്പെടെയുള്ളവരെ ചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്.
വരും കാലത്ത് ഉയർന്ന് വരുന്ന പ്രശ്നങ്ങൾ തടയാൻ കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തും.
തുടർന്ന് വിഷയത്തിൽ മറുപടി നൽകാമെന്ന് പള്ളി വികാരി അറിയിച്ചു.
ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി പള്ളിയിൽ നൽകിയതെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വരുംകാല ഇടവക പ്രതിനിധികൾ കിരീടം പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്യുന്ന പക്ഷം ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചത്.
സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തിൽ ആദ്യം സംശയം ഉന്നയിച്ചത് കത്തീഡ്രല്‍ പാരീഷ് കൗണ്‍സിൽ യോഗമായിരുന്നു. കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലാണ് ഒരു വിഭാഗം അംഗങ്ങൾ സ്വര്‍ണ കിരീടത്തെ കുറിച്ച് സംശയം ഉന്നയിച്ചത്. ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന സംശയമാണ് ഇവർ ഉയർത്തിയത്.
കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ പറയുന്നത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന കാര്യവും അംഗങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെയാണ് കിരീടം ശാസ്ത്രീയ പരിശോധന നടത്താൻ ധാരണയായത്. ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അടുത്ത യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കിരീടം പൂർണ്ണമായും സ്വർണത്തിൽ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്ന് കൈരളി ന്യൂസും, ജനയുഗവും പോലുള്ള ഇടതുപക്ഷ അനുകൂല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
സുരേഷ് ഗോപി നൽകിയ 500 ഗ്രാമോളം ഭാരം വരുന്ന കിരീടം ചെമ്പിൽ സ്വർണം പൂശിയതാണെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസും രംഗത്തെത്തിയിരുന്നു. കിരീടം അഞ്ച് പവനോളം വരുമെന്നായിരുന്നു വാർത്തകൾ.
മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ജനുവരി 15ന് പള്ളിയിലേക്ക് ബി.ജെ.പിയുടെ തൃശൂർ ലോക്സഭാ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്.
അതേസമയം കിരീടം തന്റെ നേർച്ചയാണെന്നും എങ്ങനെയാണോ ഉണ്ടാക്കേണ്ടത് ആ രീതിയിൽ തന്നെയാണ് ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കിരീടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെറുതെയാണെന്നും എവിടെയെങ്കിലും ഒരു വാക്ക് കൊടുത്തിട്ട് ലംഘിച്ചിട്ടുണ്ടോ എന്നും സുരേഷ് ഗോപി.
















