കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നാഷനല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) അംഗത്വം ലഭിക്കുംവിധം നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിയമനിര്‍മാണമോ ഭേദഗതിയോ കേന്ദ്ര സര്‍ക്കാരാണ് ആലോചിക്കേണ്ടത്. ഇക്കാര്യത്തില്‍ നിയമനിര്‍മാണ സഭക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിനി ഹിന ഹനീഫക്ക് എന്‍സിസി വനിത വിഭാഗത്തില്‍ ചേരാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് നിലപാട് ശരിവെയ്ക്കുകയായിരുന്നു ഹൈക്കോടതി. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് എന്റോള്‍ ചെയ്യത്തക്കവിധം എന്‍സിസി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എന്‍സിസി നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
പുരുഷനായി ജനിച്ച ഹര്‍ജിക്കാരി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് വനിതയായത്. അവരുടെ താല്‍പ്പര്യപ്രകാരം സാമൂഹികനീതി വകുപ്പ് ‘ട്രാന്സ്വുമണ്’ ഐഡന്റിറ്റി കാര്‍ഡ് നല്കി. കോളജ് പ്രവേശനത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടെങ്കിലും എന്‍സിസിയില്‍ പുരുഷ, വനിത വിഭാഗത്തിന് മാത്രമാണ് എന്റോള്‍മെന്റുള്ളത്. തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന ഹനീഫ ഹര്‍ജി നല്‍കിയത്.
ഹനീഫയ്ക്ക് വേണ്ടി അഭിഭാഷകരായ കെ ജെ ഗ്ലാക്സൺ, രഘുൽ സുധീഷ്, ജെ ലക്ഷ്മി, സനീഷ് ശശി രാജ് എന്നിവർ ഹാജരായി.
അഭിഭാഷകനായ എൻ എസ് ദയ സിന്ധു ശ്രീ ഹരിയാണ് അപ്പീൽക്കാരെ (കേന്ദ്ര സർക്കാർ, എൻസിസി) പ്രതിനിധീകരിച്ചത്.
കേരള സർവകലാശാലയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ തോമസ് എബ്രഹാമാണ് ഹാജരായത്.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ ഗവൺമെൻ്റ് പ്ലീഡർ ടി പി വിപിൻദാസ് ഹാജരായി.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ