തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിന് നിശ്ചയിച്ചിരുന്ന പേരിന് വിലക്കേർപ്പെടുത്തി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വിസി ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന വാക്കായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് മോഹൻ കുന്നുമ്മൽ നൽകുന്ന വിശദീകരണം.
പരാതി ലഭിച്ചതിനെ തുടർന്ന് വിസി രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു . രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.
കലോത്സവത്തിൻ്റെ പേരിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ പറയുന്നു. ഒരു വിഭാഗത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യാനാണ് വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്ക് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ‘ഇന്‍തിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ‘തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇന്‍തിഫാദ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികള്‍ ഈ പദമുപയോഗിക്കുന്നു. അതിനാൽ കലയുമായി ഈ വാക്കിന് ബന്ധമില്ലെന്നും പരാതിയിൽ പറയുന്നു.
മാർച്ച് 7 മുതലാണ് കലോൽസവം ആരംഭിക്കുന്നത്. സർവകലാശാല യൂണിയനാണ് പേര് നിശ്ചയിച്ചതെന്ന മറുപടിയാണ് രജിസ്ട്രാർക്ക് സ്റ്റുഡൻസ് സർവീസ് ഡയറക്ടറിൽനിന്നും സർവകലാശാല യൂണിയൻ ചെയർമാനിൽനിന്നും ലഭിച്ചത്. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് ‘ഇൻതിഫാദ’ എന്ന പേരു നൽകിയതെന്നാണ് രജിസ്ട്രാർക്ക് സർവകലാശാല യൂണിയൻ ചെയർമാൻ നൽകിയ വിശദീകരണം. സ്റ്റുഡൻസ് സർവീസ് ഡയറക്ടറും പേരിനെ പിന്തുണച്ചു. യൂണിയന് പേര്തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടർ വിശദീകരിച്ചു.
ഈ ന്യായീകരണങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് രജിസ്ട്രാർക്ക് നൽകിയ കത്തിൽ മോഹൻകുന്നുമ്മൽ വ്യക്തമാക്കി. കലോത്സവം സംഘടിപ്പിക്കുന്നത് പ്രതിഷേധിക്കാനല്ല. വിദ്യാർത്ഥികൾക്കിടയിൽ ഐക്യം വർധിപ്പിക്കാനാണ്. സ്റ്റുഡൻസ് യൂണിയൻ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ബാധിക്കുന്ന തെറ്റായ പേരാണ് തിരഞ്ഞെടുത്തത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലും ക്യാംപസിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തരത്തിലും ആവിഷ്കാര സ്വാതന്ത്യം ഉപയോഗിക്കാൻ പാടില്ല. ചില ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി കലോത്സവത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കലയും സംസ്കാരവും വളർത്താനുള്ള വേദികളാകണം കലോത്സവമെന്നും വിസി രജിസ്ട്രാറെ അറിയിച്ചു.
















