തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം റോഡിന് സമീപം മാലിന്യക്കൂമ്പാരത്തിൽ വന്‍ തീപിടിത്തം. ചിറക്കുളം കോളനിക്ക് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലെ മാലിന്യകൂനയ്ക്കാണു തീ പിടിച്ചത്. മതില്‍കെട്ടിയടച്ച പുരയിടത്തിൽ തീ ആളിപ്പടർന്നത് കോളനി നിവാസികളെയടക്കം പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വന്‍ ദുരന്തം ഒഴിവായി.
പുരയിടത്തിൽ മാസങ്ങളായി കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് തൊട്ടടുത്ത കെട്ടിടങ്ങൾക്കു സമീപം വരെ ജ്വാലകൾ എത്തിയെങ്കിലും ഫയർഫോഴ്സ് സംഘം പുരയിടത്തിന്റെ മൂന്ന് വശങ്ങളിൽ നിന്നും വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ചെങ്കൽച്ചൂളയിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമി കാട് പിടിച്ചുനശിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.
ഇതിലേക്ക് പലസ്ഥലത്ത് നിന്നും എത്തുന്നയാളുകൾ മാലിന്യം നിക്ഷേപിക്കുകയാണെന്നു സമീപവാസികൾ പറയുന്നു. മൂന്നു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തീപ്പിടുത്തമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഐഎഎസ് കോച്ചിങ് സെന്ററുകളും നിരവധി ഹോസ്റ്റലുകളും കോളനിക്ക് സമീപത്ത് ഉണ്ടെങ്കിലും മതില്‍കെട്ടിയടച്ച ഭൂമി ആയതിനാല്‍ തീ ജനവാസകേന്ദ്രങ്ങളിലേക്ക് പടരാതിരുന്നതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.