ഗുവാഹത്തി: അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവാവിന്റെ ദുരൂഹ മരണത്തെ തുടർന്നാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടിൽ മൻസൂർ ആലം എന്ന ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
സ്വാതിക്ക് മൻസൂറിനോട് പ്രണയമായിരുന്നുവെന്നും വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ മൻസൂർ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ സ്വാതി നിരന്തരം പക പോക്കിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് 29നു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നൽകിയതായി പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകൾ ചുമത്തിയാണ് അന്ന് മൻസൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മൻസൂറിനു ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
‘‘സ്വാതി വലിയൊരു ജുഡീഷ്യൽ പദവി വഹിക്കുന്ന ആളായതിനാൽ തന്നെ മൻസൂർ വലിയ തോതിൽ ഭയപ്പെട്ടിരുന്നു. പലതവണ ഭീഷണി ആവർത്തിക്കപ്പെട്ടപ്പോഴും ഇതൊക്കെ അവസാനിപ്പിക്കണമെന്ന് സ്വാതിയോട് മൻസൂർ പറഞ്ഞിരുന്നു. എന്നാൽ ഭീഷണി തുടരുകയായിരുന്നു. ഒടുവിൽ അവൻ സ്വയം ജീവനെടുക്കുകയായിരുന്നു. ഇത് ആത്മഹത്യല്ല, കൊലപാതകമാണ്.’’– മൻസൂറിന്റെ ഒരു ബന്ധു പറഞ്ഞു.
കുടുംബാംഗങ്ങൾ ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്