ഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജർമനിക്കെതിരെ നിയമനടപടിയുമായി നിക്കരാഗ്വ. ജർമനി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്കിയ പരാതിയിൽ നിക്കരാഗ്വ ആരോപിക്കുന്നത്.
ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലിനു നൽകിവരുന്ന സഹായം നിർത്തിവയ്ക്കാൻ ജർമനി തയാറാകുന്നില്ലെന്ന് നിക്കരാഗ്വ കുറ്റപ്പെടുത്തി. ഇതോടൊപ്പം യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക്(യു.എൻ.ആർ.ഡബ്ല്യു.എ) നൽകിവരുന്ന സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്രായേലിനുള്ള സഹായം നിർത്തിവയ്പ്പിക്കാനും ഫലസ്തീൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ടിങ് പുനരാരംഭിക്കാനും ജർമനിക്കുമേൽ സമ്മർദം ചെലുത്തണമെന്ന് നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു.
”ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതോടൊപ്പമാണ്, ഫലസ്തീനിലെ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്ന യു.എൻ ഏജൻസിക്കുള്ള സഹായം ജർമനി നിർത്തിവച്ചിരിക്കുന്നത്. ഇതിലൂടെ വംശഹത്യയ്ക്കു കൂട്ടുനിൽക്കുകയാണ് അവർ ചെയ്യുന്നത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ യുദ്ധനിയമങ്ങളുമായി ബന്ധപ്പെട്ടുള്ള 1948ലെ വംശഹത്യ കൺവെൻഷന്റെയും 1949ലെ ജനീവ കൺവെൻഷന്റെയും ലംഘനമാണ് ജർമനി നടത്തിയിരിക്കുന്നത്”-ഐ.സി.ജെയിൽ സമർപ്പിച്ച ഹരജിയിൽ നിക്കരാഗ്വ ചൂണ്ടിക്കാട്ടി.
അതേസമയം, ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചകൾ ഇന്ന് ഈജിപ്തിലെ കൈറോയിൽ നടക്കും. ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ ചർച്ചയ്ക്കെത്തുമെന്ന് ഈജിപ്ത് അറിയിച്ചു. പാരിസിലെയും ഖത്തറിലേയും ചർച്ചയ്ക്ക് പിന്നാലെ കൈറോയിൽ വെടിനിർത്തൽ ചർച്ച തുടരാനാണ് നീക്കം. ആറാഴ്ചത്തേക്കുള്ള വെടിനിർത്തലിനും ബന്ദിക്കൈമാറ്റവുമാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇനി ചർച്ചയ്ക്കില്ലെന്നായിരുന്നു ഹമാസ് അറിയിച്ചത്. എന്നാൽ ഹമാസിന്റേയും ഇസ്രായേലിന്റേയും പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് ഈജിപ്ത് അറിയിച്ചു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്