ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയപ്പോൾ പട്ടികയിൽ ഇടം നേടിയ പേരുകളേക്കാൾ ഒഴിവാക്കപ്പെട്ട നേതാക്കളുടെ പേരാണ് ശ്രദ്ധേയമാകുന്നത്. പ്രഗ്യാ താക്കൂർ, ഡൽഹിയിൽ നിന്നുള്ള സിറ്റിംഗ് എംപിമാരായ പർവേഷ് സാഹിബ് സിംഗ് വർമ, രമേഷ് ബിധുരി എന്നിവർ ഒഴിവാക്കിയ ബിജെപി നേതാക്കളിൽ ഉൾപ്പെടുന്നു. പാർലമെൻ്റിനകത്തും പുറത്തും നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മൂന്ന് നേതാക്കളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 33 സിറ്റിംഗ് എംപിമാരെയാണ് ബിജെപി ഒഴിവാക്കിയത്.
ഭോപ്പാലിൽ പ്രഗ്യാ താക്കൂറിന് പകരം അലോക് ശർമ്മയെയാണ് സ്ഥാനാർഥിയാക്കുന്നത്. 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയെ ബിജെപി കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചിരുന്നു. പിന്നീടുള്ള അഞ്ച് വർഷങ്ങളിൽ നിരവധി വിവാദ പ്രസ്താവനകളാണ് അവർ നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ പ്രഗ്യാ സിംഗ് ഠാക്കൂർ കബഡി കളിക്കുന്നതും ഗാർബ നൃത്തം ചെയ്യുന്നതും വിവാദമായിരുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ “രാജ്യസ്‌നേഹി” എന്ന് വിളിച്ച പ്രഗ്യ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
പടിഞ്ഞാറൻ ഡൽഹി എംപിയായിരുന്ന പർവേഷ് സാഹിബ് സിംഗ് വർമയും പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. 2020-ലെ ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷഹീൻ ബാഗ് പ്രതിഷേധത്തിനിടെ പർവേഷ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ദക്ഷിണ ഡൽഹി എം പി രമേഷ് ബിധുരിയാണ് ഒഴിവാക്കപ്പെട്ട മറ്റൊരു എംപി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ ബിധുരി അംറോഹ എംപി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് വലിയ വിവാദമായിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും വീണ്ടും സീറ്റുറപ്പിക്കാൻ അതുവഴിതെളിച്ചില്ല എന്നുവേണം പറയാൻ. മീനാക്ഷി ലേഖി, ഹർഷ് വർധൻ തുടങ്ങി സീനിയർ നേതാക്കളും ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു
















