കോഴിക്കോട്: സംസ്ഥാന കായിക വകുപ്പ് 8 നും 16 നും ഇടയിലുള്ള കുട്ടികള്‍ക്കായി വിവിധ ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ബോക്‌സിങ് പരിശീലന പദ്ധതിയായ ‘പഞ്ച്’ന്റെ ഭാഗമായി എരഞ്ഞിക്കല്‍ പി വി എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോക്‌സിംഗ് ഇനത്തിനു മാത്രമായി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നിര്‍വഹിക്കും. 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള ബോക്‌സിങ് റിംഗുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികളില്‍ ബോക്‌സിങ് കായിക ഇനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഗ്രാസ്‌റൂട്ട് ലെവലില്‍ കുട്ടികള്‍ക്ക് ബോക്‌സിംഗ് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംസ്ഥാന കായിക വകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയ ‘പഞ്ച്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. കളിക്കാര്‍ക്ക് ആവശ്യമായ ഗ്ലൗസുകള്‍, ജേഴ്സികള്‍, ഷൂസ് മറ്റു അനുബന്ധ കാര്യങ്ങള്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നല്‍കുന്നത്.
പ്രാരംഭഘട്ടത്തില്‍ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ‘പഞ്ച്’ നടപ്പിലാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഓരോ കേന്ദ്രത്തിലും തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ദേശീയതലത്തില്‍ മികവ് തെളിയിച്ച പ്രൊഫഷണല്‍ പരിശീലകരുടെ സേവനം ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കും. ബോക്‌സിംഗ് റിംഗിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഏ. കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ഉത്തരമേഖല ഐ ജി കെ. സേതുരാമന്‍ ഐപിഎസ്, മാതൃഭൂമി ചെയര്‍മാനും പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജരുമായ പി. വി ചന്ദ്രന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ