ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ശിക്ഷ വിധിച്ചിട്ടും കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശിനെ ഭാഗ്യവും ദൈവവും കൈവിട്ടില്ല. ആദ്യ വിധിയെ അപ്പീല്‍ കോടതിയില്‍ അസാധുവാക്കിക്കൊണ്ട് ദിനിലിനെ പൂര്‍ണ്ണമായും ശിക്ഷയില്‍ നിന്നും മോചിപ്പിച്ച് ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ്. കാരാഗ്രഹ വാസത്തിന്റെ മുമ്പില്‍ പകച്ചു നിന്ന ദിനിലിന്റെ മുമ്പില്‍ അത്ഭുതം സൃഷ്ടിച്ചത് യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയാണ്. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സഹായിച്ചവരോടെല്ലാം നന്ദി പറയുകയാണ് ദിനില്‍. ഒപ്പം, തന്നെ ചേര്‍ത്തു നിര്‍ത്തിയ സലാം പാപ്പിനിശ്ശേരിയെന്ന നല്ല മനുഷ്യനോടുള്ള കടപ്പാടും.
ജോര്‍ദാന്‍ സ്വദേശിയായ തൊഴിലുടമ നല്കിയ കേസിലാണ് കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശ് കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനല്‍ കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ ജീവനക്കാരന് ചെയ്ത വഞ്ചനാക്കുറ്റത്തിന് കൂട്ട് നിന്നതായി ആരോപിച്ചു ദുബായിലെ പ്രമുഖ ഓട്ടോമേഷന്‍ കമ്പനി നല്കിയ കേസില്‍ ദിനില്‍ ദിനേശും പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരനുമായ രതീഷിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദിനില്‍. ഇതിനിടയില്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയില്‍ നിന്ന് ജോലി റിസൈന്‍ ചെയ്തു പോയി.
എന്നാല്‍ ജോലിയുടെ സ്വഭാവം മനസ്സിലാക്കാനും, ഇടയ്ക്ക് ജോലിയില്‍ പ്രയാസം നേരിടുകയും ചെയ്തപ്പോള്‍ ദിനില്‍ ഒന്നാം പ്രതി രതീഷുമായി ബന്ധം പുലര്‍ത്തി. കമ്പനിയുടെ പേരിലുള്ള ഇമെയില്‍ ഐഡിയും പാസ്വേര്ഡും ഇയാള്‍ക്ക് കൈമാറിക്കൊണ്ട് ജോലിയില്‍ സഹായം സ്വീകരിച്ചു എന്നാണ് കമ്പനി ആരോപിച്ചത്. ഇതിനിടയില്‍ ഒന്നാം പ്രതി കമ്പനി ഇ – മെയില്‍ ഐഡി ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഡൂ ടെലികമ്മ്യുണിക്കേഷനില്‍ നിന്ന് വിലയേറിയ ഫോണ്‍ കൈപ്പറ്റുകയും ചെയ്തു. വിവരമറിഞ്ഞ തൊഴിലുടമ ദിനില്‍ ഉള്‍പ്പടെ ഇരുവര്‍ക്കുമെതിരെ ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതി രതീഷിനെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതിനാലും കമ്പനിയുടെ ഇ-മെയിലും പാസ്വേര്ഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും മൂന്ന് മാസം തടവും അനുഭവിച്ച ശേഷം നാട് കടത്താനും വിധിച്ചു.
ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനില്‍ കേസുമായി ബന്ധപ്പെട്ട് പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ വക്കീല്‍ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടി. ഒടുവില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമസഹായം നല്‍കുകയും ചെയ്യാന്‍ തീരുമാനിച്ചു. യുഎഇ സ്വദേശിയായ അഭിഭാഷകന് മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.
ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. എന്നാല്‍ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമര്‍പ്പിച്ചിട്ടില്ല. പരാതിക്കാരനായ കമ്പനിയുടെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നുമാണ് അപ്പീല്‍ കോടതിയില്‍ ദിനിലിന്റെ അഭിഭാഷകന് വിശദമാക്കി.
കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുന്‍ പരിചയം വിലയിരുത്തുമ്പോള്‍ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകന് ചൂണ്ടി കാട്ടി. പ്രതിചേര്‍ക്കപ്പെട്ട ദിനില്‍ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയില്‍ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തുനിന്നും ഹാജരാക്കിയിട്ടുമില്ല. അതിനാല്‍ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണെങ്കില്‍ ഓരോ വിധിന്യായത്തിന്റെയും കാരണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് അസാധുവാണെന്നും അഭിഭാഷകന് വാദിച്ചു.
പത്തിലധികം തവണയാണ് കേസില്‍ ഇരുഭാഗങ്ങളും തമ്മില്‍ പരസ്പരം വാദമുണ്ടായത്. അഭിഭാഷകന്റെ വാദങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് കമ്പനി അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീല്‍ കോടതി കേസിന്റെ നിജസ്ഥിതി മനസിലാക്കുകയും ദിനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിടാന്‍ അപ്പീല്‍ കോടതി ഉത്തരവിടുകയായിരുന്നു.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ