മാർച്ച് 1, വിവേചനരഹിത ദിനം ( സീറോ ഡിസ്ക്രിമിനേഷൻ ഡേ). വൈവിധ്യത്തെ ആഘോഷിക്കാനും വിവേചനത്തെ അതിന്റെ എല്ലാ രൂപത്തിലും തള്ളിക്കളയാനുമാണ് ഈ ദിനം ആഹ്വാനം ചെയ്യുന്നത്.
വംശം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, പ്രായം, മതം, ഭാരം, ഉയരം മുതലായവയുടെ പേരിൽ നമ്മളിൽ ആർക്കും ഒരു തരത്തിലുള്ള വിവേചനവും ഒരിക്കലും നേരിടേണ്ടിവരില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് സീറോ ഡിസ്ക്രിമിനേഷൻ ദിനം അന്താരാഷ്ട്രതലത്തിൽ ആഘോഷിക്കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും അന്തസോടെ ജീവിക്കാൻ തുല്യ അവകാശമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത. ചിത്രശലഭമാണ് ഈ ദിനത്തിന്റെ പ്രതീകം. 2014 മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആഘോഷിച്ച് തുടങ്ങിയത്.
ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വിവേചനത്തിനെതിരെ നിയമങ്ങളുണ്ട്, എന്നാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും ഇത് ഇപ്പോഴും ഒരു പ്രശ്നമാണ്. മിക്ക രാജ്യങ്ങളിലെ ഇപ്പോഴും വിവേചനം ഒരു ഭരണ മാർഗമായി ഉപയോഗിക്കുന്നു. ജാതിയുടേയും മതത്തിൻ്റെയും ഭാഷയുടേയും വേഷത്തിൻ്റെയും വർഗ്ഗത്തിൻ്റെയും വർണ്ണത്തിൻ്റെയും കഴിക്കുന്ന ഭക്ഷണത്തിൻ്റെയും എന്തിന് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പേരിലും ഭരണകൂടം പൗരൻമാരെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഒരു വർത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.ഭരണകൂടം തന്നെ പല കാരണങ്ങളാൾ പൗരൻമാരെഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന അരക്ഷിതാവസ്ഥയിലാണ് ഇന്നു നമ്മൾ ജീവിക്കുന്നത്.
രാജ്യത്ത് ജാതിയുടേയും മതത്തിൻ്റെയും ലിംഗത്തിൻ്റെയും പേരിലുള്ള പീഡനങ്ങളുടെ വാർത്തകൾ നിരന്തരമായി പുറത്തു വരുമ്പോഴൊക്കെ പ്രതികരിക്കുകയും ഒപ്പം ഇതു കേരളമാണ്, കേരളത്തിൽ അതൊന്നും നടക്കില്ല എന്നും അഹങ്കരിക്കുകയും ചെയ്യുന്നവരാണ് വലിയൊരു വിഭാഗം മലയാളികളും. നിരന്തരമായ വിവേചനത്തെ തുടർന്ന് എന്റെ ജനനമാണ് എന്റെ കുറ്റമെന്നു പറഞ്ഞ് ഹൈദരാബാദിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ പ്രതിഷേധത്തോടെപ്പം നമ്മൾ വിളിച്ച് പറഞ്ഞത് ഇത് കേരളമാണ് കാരണം ഇവിടെ ജാതിയില്ല എന്ന നമ്മുടെ അന്ധവിശ്വാസം തന്നെയാണ്. എന്നാലിപ്പോൾ നമ്മൾ ജാതിയെ മറികടന്നവരാണെന്ന മിത്തിൽ കടിച്ചു തൂങ്ങുന്നവരുെട നേരെ വിരൽ ചൂണ്ടുന്ന ഒരു വാർത്തയായിരുന്നു ദേവസ്വം മന്ത്രി കെ.രാധാകൃണൻ നടത്തിയ വെളിപ്പെടുത്തൽ. ഒരു ക്ഷേത്രത്തിലെ ഉദ്ഘാടനചടങ്ങിൽ ജാതിയുടെ പേരിൽ വിവേചനം നേരിട്ടുവെന്ന് ഒരു മന്ത്രി തന്നെ വിളിച്ച് പറയുമ്പോൾ അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്. എന്തർത്ഥത്തിലാണ് നാം ഇവിടെ ജാതിയില്ല മതമില്ല എന്ന് ഉത്തരേന്ത്യയെ നോക്കി വിളംബരം ചെയ്യുന്നത്. ജാതി വിവേചനങ്ങളിലൊന്നും ഔദ്യോഗിക പദവികള്‍ പോലും പരിഗണനീയമല്ല എന്ന് തെളിയിക്കുന്നതായിരുന്നു മന്ത്രി നേരിട്ട വിവേചനം. ശബരിമലയില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് പോലും ജാതിയധിക്ഷേപം കേള്‍ക്കേണ്ടി വന്ന നാടാണ് നമ്മുടേത് !
കാസർഗോഡിലെ ബാലകൃഷ്ണൻ, മലപ്പുറം അരിക്കോടിലെ ആതിര, കോട്ടയത്തെ കെവിൻ,പാലക്കാട്, തേങ്കുറുശ്ശിയിലെ അനീഷ് എന്നിവർ കൊല്ലപ്പെട്ടത് എന്തിൻ്റെ പേരിലായിരുന്നു. ഉത്തരേന്ത്യയിൽ മാത്രം നടക്കുന്നു എന്ന് പുറംപേച്ച് പറഞ്ഞിരുന്ന മലയാളികൾക്കിടയിലേക്കും ദുരഭിമാനക്കൊലകൾ ഇന്ന് കടന്നു വന്നിരിക്കുന്നു.
രാഷ്ട്രീയ-കലാ-സാഹിത്യ-സിനിമാ-മാധ്യമ മേഖലകളിലൊക്കെയും ഇന്നും വിവേചനം മാറ്റമില്ലാതെ തുടരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതാധികാര സമിതികളിലോ കലാ സാഹിത്യ മേഖലകളിലോ നമുക്ക് പിന്നാക്കക്കാരെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമാണ്. മാധ്യമ ലോകത്തിലും സിനിമാ ലോകത്തിലുമൊക്കെ ജാതിയത ഇന്നും കൊടികുത്തി വാഴുന്നു.
ജാതീയത തീര്‍ത്ത ഒരു പൊതുബോധത്തിന്റെ തണലിലാണ് കേരളമിപ്പോഴുമുള്ളത് എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ ഉദാഹരണമാണ് കേരളത്തില്‍ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സംവരണ ചര്‍ച്ചകളും പുതിയ സാമ്പത്തിക സംവരണ സമവാക്യങ്ങളും നിയമങ്ങളുമൊക്കെ എന്ന് ഇനി എന്നാണ് നാം മനസിലാക്കുക.
വംശം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, പ്രായം, മതം എന്നിവയൊന്നും പരിഗണിക്കാതെ എല്ലാവരോടും ബഹുമാനത്തോടും അന്തസ്സോടും കൂടി പെരുമാറുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാം. വിവേചനങ്ങൾക്കെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം. അതിനുള്ള ഓർമ്മപ്പെടുത്തലായി മാറട്ടെ ഈ ദിനം.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ