കേരളത്തിലെ വിവിധ രാഷ്ട്രീയ വിദ്യാർത്ഥി – യുവജനപ്രസ്ഥാനങ്ങൾക്കിടയിൽ യുവാക്കൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ശക്തമായ സ്വാധീനം ചെലുത്തിയ സംഘടനയായിരുന്നു സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യുടേത്. സംഘടനയുടെ പതാകയിൽ ആലേഖനം ചെയ്ത സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിന് പകരം ഗുണ്ടായിസം, ക്രിമിനലിസം, ഫാസിസം എന്ന് രേഖപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഈ സംഘടനക്ക് സ്വാധീനമുള്ള കോളേജുകളിൽ നിന്നും പുറത്തു വരുന്നത്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ് വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണം.
ഉത്തരേന്ത്യയിൽമാത്രം കണ്ടു വരുന്ന ആൾക്കൂട്ട വിചാരണയുടേയും, അതിക്രൂര മർദ്ദനങ്ങൾക്ക് കുപ്രിദ്ധിയാർജിച്ച ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളെ അനുസ്മരിപ്പിച്ചിരിക്കുകയാണ് സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ നേതാക്കൾ. മനുഷ്യൻ എന്ന ക്രൂരമൃഗത്തിന് സഹജീവികളോട് എത്ര മോശമായി പെരുമാറാനാകും, എങ്ങനെയൊക്കെ മറ്റൊരു മനുഷ്യനെ ചിത്രവധം ചെയ്യാനാകും എന്ന് എസ്എഫ്ഐ തെളിയിച്ചതിൻ്റെ ഇരയാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥൻ.
മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നൽകാതെ മർദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളമോ ഭക്ഷണമോ നൽകിയില്ല. ഹോസ്റ്റലിൽ നഗ്നനായി നിർത്തി മരിച്ച ദിവസവും മർദ്ദനം തുടർന്നു.എന്നാണ് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നു. എസ്എഫ്ഐക്കാരായ പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർത്ഥികളുടെ മൊഴി. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കല്പിക്കുന്നത്. കോളേജ് ഹോസ്റ്റൽ എസ് എഫ്ഐയുടെ സമാന്തര കോടതിയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇത് തന്നെ അടയാളപ്പെടുത്തുത് സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായ ഇടപെടൽ നടത്തിയിട്ടുള്ള ഒരു വിദ്യാർത്ഥി സംഘടനയുടെ ജീർണ്ണതയേയാണ്.
വയനാട് വെറ്റിനറി കോളജിൽ മാത്രമല്ല എസ്എഫ്ഐക്ക് സ്വാധീനമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തൃശൂർ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ നടത്തുന്നത് എസ്എഫ്ഐയുടെ കിരാത ഭരണമാണ് എന്ന് തെളിയിക്കുന്ന നിരവധി വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്.
കഴിഞ്ഞ 8വർഷത്തിനിടയിൽ എസ്എഫ്ഐയുടെ ഭീഷണിയും മറ്റുതരത്തിലുള്ള അക്രമങ്ങളും സഹിക്കാനാവാതെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റികോളജ് വിട്ടത്. എസ്എഫ്‌ഐയുടെ പീഡനങ്ങളില്‍ മനംനൊന്ത് നിഖില എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ സംഘടനാ ഫാസിസം ആര്‍ക്കും പുതുമയല്ല. അക്രമങ്ങളിലൂടെയും ഭീഷണി ഉയർത്തിയുള്ള അടിച്ചമര്‍ത്തലിലൂടെയും മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം പാടെ നിഷേധിക്കുന്നതിലൂടെയും കുപ്രസിദ്ധമായി മാറിയ കോളേജാണ് ഭരണസിരാകേന്ദ്രത്തിൻ്റെ മൂക്കിൻ തുമ്പത്തുള്ള യൂണിവേഴ്സിറ്റി കോളേജ്. എസ്എഫ്‌ഐ ഫാസിസംമൂലം സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവാത്ത സ്ഥിതിയാണെന്ന് അന്തരിച്ച മുൻ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ തുറന്ന് പറഞ്ഞിരുന്നു.
എംജി സർവകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിതാ നേതാക്കളെപോലും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐക്കാരെ നാം മറന്നു പോയിട്ടില്ല.
തനിക്കു നേരെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും ചൂണ്ടിക്കാട്ടി ഒരു വിദ്യാർത്ഥിനി പരാതിയും നൽകിയിരുന്നു. “മാറെടി പെലച്ചി, എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന അലറി വിളിച്ച് ഭീഷണിപ്പെടുത്തി. ശരീരത്തിൽ കയറി പിടിച്ചു. ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തിൽ നിന്നുള്ള പിടുത്തം വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന്ന് നേതൃത്വം നൽകിയവർ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ് ” കോട്ടയം എസ്പിക്ക് എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു നൽകിയ പരാതിയിൽ പറയുന്നു.
ഇന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ, സെക്രട്ടറി അമൽ, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫംഗം അരുൺ, പ്രജിത്ത് കെ. ബാബു എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസും എടുത്തിരുന്നു. ഈ കേസിൻ്റെ നിലവിലെ അവസ്ഥയെന്താണ് എന്ന് ആർക്കും അറിയില്ല എന്നതാണ് യഥാർത്ഥ്യം. എസ്എഫ്ഐ നേതാക്കൾ നടത്തുന്ന അക്രമങ്ങളിൽ പൊലീസ് പലപ്പോഴും നോക്കുകുത്തിയാണ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ടും തുടക്കത്തിൽ പൊലീസ് നിസംഗത പാലിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടിയെടുക്കാൻ പോലും പൊലീസ് നിർബന്ധിതരായത്.
കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ -ഗുണ്ടാ – ഫാസിസ്റ്റ് സംഘടനയായി എസ്എഫ്ഐ മാറിയെന്ന് വീണ്ടും അടിവരയിടുന്നതാണ് സിദ്ധാർത്ഥൻ്റെ മരണം. മൂല്യച്യുതികളുടേയും നിലവാരത്തകർച്ചയുടേയും പടുകുഴികളിൽ എസ്എഫ്ഐ മുങ്ങിത്താണു കൊണ്ടിരിക്കുന്നു എന്ന വാർത്തകളാണ് കേരളത്തിലെ മറ്റ് ക്യാമ്പസുകളിൽ നിന്നും പുറത്തു വരുന്നത്. എന്തിനാണ് ഈ സംഘടനയെ ഇങ്ങനെ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ ഗുണ്ടാ – ക്രിമിനൽ സംഘമായി നിർത്തുന്നത് എന്നതിൻ്റെ രാഷ്ട്രീയം വിശദീകരികേണ്ടത് മാതൃസംഘടനയല്ല സിപിഎമ്മാണ്. എന്തു ചെയ്താലും സർക്കാരും പാർട്ടിയും ഒപ്പമുണ്ടാവും എന്ന ഉറപ്പ് ഇവർക്ക് തല മൂത്ത നേതാക്കൾ നൽകിയിട്ടുള്ളതിനാൽ കേരളത്തിൽ ഇനിയും സിദ്ധാർത്ഥൻമാർ ഉണ്ടായിക്കൊണ്ടിരിക്കും… ആരാണ് എവിടെയാണ് തിരുത്തേണ്ടത് എന്ന് കേരളത്തിലെ പൊതു സമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യാത്തിടത്തോളം കാലം ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പൊളിറ്റിക്കൽ ക്രിമിനലിസത്തിൻ്റെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം അഥവാ ഗുണ്ടായിസം, ക്രിമിനലിസം, ഫാസിസം പൂത്തുലഞ്ഞ് കൊണ്ടു തന്നെയിരിക്കും.