കൊച്ചി : ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി പുറത്തിറക്കിയതിനു പിന്നാലെ കൊച്ചി കപ്പൽശാല മികവിന്റെ കുതിപ്പ് തുടരുന്നു. നെതർലാൻഡ്സ് കേന്ദ്രമായ ‘സാംസ്കിപ്’ എന്ന പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിക്കു വേണ്ടിയുള്ള രണ്ട് ഹരിത ഹൈഡ്രജൻ ഇന്ധന കണ്ടെയ്നർ കപ്പലുകളുടെ നിർമാണം കൊച്ചി ഷിപ്‌യാർഡിൽ ആരംഭിച്ചു. നിർമാണണത്തിന് തുടക്കമിടുന്ന ‘സ്റ്റീൽ കട്ടിങ്’ എന്ന ചടങ്ങ് ഇന്ന് വൈകിട്ട് കൊച്ചി കപ്പൽശാലയിൽ നടന്നു.
‘സീ ഷട്ടിൽ’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി, വായുമലിനീകരണമുണ്ടാക്കാതെ, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്നർ കപ്പൽ നിർമാണങ്ങളിലൊന്നു കൂടിയാണ്. 550 കോടി രൂപയാണ് രണ്ടു കപ്പലുകളുടേയും കൂടി നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 2025 അവസാനത്തോടെ ആദ്യ കപ്പൽ നിർമാണം പൂർത്തിയാക്കി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. 138 മീറ്റർ നീളവും 23 മീറ്റർ വീതിയും 8000 ഡിഡബ്ല്യുടി ഭാരവുമുള്ള ഇടത്തരം കപ്പലാണിത്. 40 അടി നീളമുള്ള 365 കണ്ടെയ്നറുകൾ ഇതിൽ വഹിക്കാൻ സാധിക്കും. വർഷം 25,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിർഗമനം കുറയ്ക്കാൻ ഈ ഹൈഡ്രജൻ ഇന്ധന കപ്പലിന് സാധിക്കുമെന്നാണ് കരുതുന്നത്.
കപ്പൽ കൊച്ചി കപ്പൽശാലയിൽ നിർമിക്കുകയും ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ കമ്പനി പിന്നീട് ഇതില്‍ കൂട്ടിച്ചേർക്കുകയുമാണ് നിലവിലുള്ള പദ്ധതി. അതേസമയം, ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ കൂടി ഇതിൽ ഘടിപ്പിക്കണമെങ്കിൽ അതും ചെയ്തുകൊടുക്കുമെന്ന് കപ്പൽശാല വൃത്തങ്ങൾ പറഞ്ഞു. ഹൈഡ്രജൻ ഇന്ധനം ഇന്ത്യയില്‍ വാണിജ്യപരമായി ലാഭകരമല്ല. അതേസമയം, 5 മുതൽ 10 വർഷങ്ങള്‍ക്കുള്ളിൽ ഹൈഡ്രജൻ ബദൽ ഊർജമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്.നായർ കഴിഞ്ഞ ദിവസം പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് സാംസ്കിപ് നോർവെ സർക്കാരിന്റെ ഹരിത പ്രചരണ ഫണ്ടിങ്ങിന്റെ ഭാഗമായി കൊച്ചി കപ്പൽശാലയ്ക്ക് രണ്ട് കപ്പലുകൾ നിര്‍മിക്കാൻ ഓർഡർ നല്‍കിയത്. ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നിർമാണ കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെ നിർമിച്ച ഹൈഡ്രജൻ ഇന്ധനമായ ആദ്യ യാത്രാ ഫെറി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉത്തർപ്രദേശിലെ വരാണസിയിലാണ് ഇത് ആദ്യം സര്‍വീസ് നടത്തുക. അവസാനവട്ട പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം അടുത്തമാസം വരാണസിയിലേക്ക് കൊണ്ടുപോകും.