ഇനി വീട്ടിൽ ഒരൊറ്റ പാറ്റ പോലും ബാക്കിയാവില്ല; ഈ കാര്യങ്ങൾ ചെയ്ത് നോക്കു

പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്. വീട്ടിൽ പാറ്റ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീട്ടിലെ മാലിന്യങ്ങൾ മാറ്റിയാൽ തന്നെ പാറ്റ ശല്യം ഒരു പരിധി വരെ ഒഴിവാക്കാനാകും. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് ഒരു ദിവസം പോലും കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാവും. തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകള്‍ക്കും കൊതുകിനുമൊക്കെ വളരാനുള്ള അനുകൂല സാഹചര്യമൊരുക്കും. 

ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കും. മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. 

എല്ലാവരുടെയും വീട്ടിൽ നാരങ്ങ ഉണ്ടാകുമല്ലോ. നാരങ്ങ നീര് മുറിയുടെ ഓരോ കോർണറിലും സ്പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കും. 

രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചതും അൽപം നാരങ്ങ നീരും ചേർത്ത വെള്ളം മുറിയുടെ കോർണറിൽ തളിക്കുന്നത് പാറ്റ ശല്യം അകറ്റാൻ നല്ലതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് തളിക്കാം.