ബെംഗളൂരു: പാകിസ്താൻ ബിജെപിക്ക് മാത്രമാണ് ശത്രുരാജ്യമെന്ന പ്രസ്താവനയിൽ ഉറച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎ ബി.കെ. ഹരിപ്രസാദ്. “പാകിസ്ഥാൻ ഭാരതീയ ജനതാ പാർട്ടിക്ക് മാത്രം ശത്രു രാജ്യം , നമുക്കല്ല” – എന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ പരാമർശം. ഈ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഹരിപ്രസാദ് തൻ്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി ഇന്ന് അറിയിച്ചത്.
പാകിസ്താൻ ശത്രുരാജ്യമാണെന്ന് ബിജെപിക്ക് തോന്നുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ എല്ലാ വ്യാപാരങ്ങളും നിരോധിക്കുകയും പാക്കിനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യണം. അവർ പാകിസ്താനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുന്നത് വരെ നമുക്ക് അവരെ ശത്രുരാജ്യമെന്ന് വിളിക്കാനാവില്ല. അതിനാൽ അവർ ഞങ്ങൾക്ക് ഞങ്ങളുടെ അയൽക്കാരാണ്. എന്നാണ് എന്നാണ് ബിജെപിയുടെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് എംഎൽഎയുടെ പ്രതികരണം.
തന്റെ പ്രസ്താവനയിൽ താൻ ഉറച്ചു നിൽക്കുന്നു. എന്നാൽ ഇതിൽ മാധ്യമങ്ങൾ എന്തെങ്കിലും “മസാല” ചേർത്താണ് കൊടുക്കുന്നതെങ്കിൽ തന്റെ ജനപ്രതിനിധി എന്ന സവിശേഷാധികാരം ഉപയോഗിച്ച് അവർക്കെതിരെ നീങ്ങുമെന്നും ബി.കെ. ഹരിപ്രസാദ് അറിയിച്ചു.
അതേസമയം; കോൺഗ്രസിൻ്റെ മുതിർന്ന ഒരു നേതാവിൽ നിന്നും ഇങ്ങനെയൊരു പ്രസ്താവന വരുന്നത് അങ്ങേയറ്റം സങ്കടകരമാണ് എന്ന് ബിജെപി പ്രതികരിച്ചു.
“കോൺഗ്രസിലെ മുതിർന്ന നേതാവ് ബികെ ഹരിപ്രസാദ് അങ്ങനെ പറഞ്ഞത് അങ്ങേയറ്റം സങ്കടകരമാണ്. വളരെ നിർഭാഗ്യകരമാണ്. ഇന്ത്യയോടും ഇന്ത്യക്കാരോടും പാകിസ്ഥാൻ എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാം. ഇത് കോൺഗ്രസിൻ്റെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും പ്രീണിപ്പിച്ച് വോട്ടു സ്വന്തമാക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണിത്”-കർണാടക ഉപ പ്രതിപക്ഷ നേതാവ് അരവിന്ദ് ബെല്ലാഡ് പ്രതികരിച്ചു.
















