ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൽ ഇടതുപാർട്ടികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയായി. സഖ്യത്തിൻ്റെ ഭാഗമായ സിപിഎമ്മും സിപിഐയും സംസ്ഥാനത്ത് 2 വീതം സീറ്റിൽ മത്സരിക്കും.
സിപിഎം സിറ്റിംഗ് സീറ്റുകളായ മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സിപിഐ സിറ്റിംഗ് സീറ്റുകളായ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കോയമ്പത്തൂർ ചലച്ചിത്ര നടൻ കമൽഹാസന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സിപിഎമ്മിൻ്റെ ആവശ്യം ഡിഎംകെ അംഗീകരിക്കുകയായിരുന്നു.
ഇതിനു പുറമെ മുസ്ലിം ലീഗിനും കെഎംഡികെക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം സ്വന്തമാക്കി വൻ മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയത്. ഇത്തവണയും വിജയം ആവർത്തിക്കാം എന്ന കണക്കുകൂട്ടലിലാണ് ഡിഎംകെയും കോൺഗ്രസും.
തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ കോൺഗ്രസ്, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), എംഡിഎംകെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊങ്കു ദേശിയ മക്കൾ കച്ചി (കെഡിഎംകെ) എന്നീ കക്ഷികളാണ് സഖ്യകക്ഷികൾ.