ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിൽ ഭൂരിപക്ഷത്തിൻ്റെ പടിവാതിലിൽ ബിജെപി നയിക്കുന്ന എൻഡഎ. രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ ഇനി വേണ്ടത് 3 സീറ്റ് മാത്രം. ഈ വർഷം ഫെബ്രുവരിയിൽ 56 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ബിജെപി നേടിയതാണ് മുന്നണിയെ ഭൂരിപക്ഷത്തിലേക്ക് അടുപ്പിച്ചത്. നിലവിൽ ബിജെപിക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻഡിഎ മുന്നണിക്ക് ആകെ 118 അംഗങ്ങളുമാണുള്ളത്.
ഈ വർഷം 56 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 41ലും സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപിക്ക് രണ്ട് സീറ്റ് അധികം ലഭിച്ചിരുന്നു. പാർട്ടിക്ക് അധികാരമില്ലാത്ത ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരും അധികാരത്തിലിരിക്കുന്ന ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി എംഎൽഎയുമാണ് കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തത്.
245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 123 സീറ്റാണ് വേണ്ടത്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ നാലെണ്ണം പ്രസിഡന്റ് ഭരണം നിലനിൽക്കുന്ന ജമ്മു കശ്മീരിലാണ്. ഒന്ന് പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന വിഭാഗത്തിലുമാണ്. ഈ സാഹചര്യത്തിൽ 240 അംഗ സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 121 സീറ്റുകൾ മാത്രം മതി..
ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലുകൾ പാസാക്കിയെടുക്കാൻ രാജ്യസഭ ബിജെപിക്ക് വലിയ തടസ്സമായിരുന്നു. ഭൂപരിഷ്‌കരണ ബിൽ, മുത്തലാഖ് ബിൽ തുടങ്ങിയവ രാജ്യസഭയിൽ പാസാക്കുന്നത് പ്രതിപക്ഷം തടഞ്ഞിരുന്നു. രണ്ടാം തവണ അവതരിപ്പിച്ചാണ് മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ പാസാക്കിയത്. ഒറീസയിലെ ബിജു ജനതാദൾ, ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മുത്തലാഖ് ബില്ലും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമെല്ലാം ബി.ജെ.പി രാജ്യസഭയിൽ പാസാക്കിയെടുത്തത്.
















