വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരത്തിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മികവ് ഉപയോഗിക്കുന്ന പദ്ധതിയ്ക്കായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റും (ഡിഐ ആന്‍ഡ് സി )എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും (കെടിയു) കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രം വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ എസ്. ഹരികിഷോറും കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. പ്രവീണും കൈമാറി. കെടിയു വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ലയും സന്നിഹിതരായിരുന്നു.
സാങ്കേതിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ഐഡിസി വഴി ഇന്റേണ്‍ഷിപ്പിന് അവസരം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭാവിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഇത്തരം പദ്ധതികള്‍ വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാവസായിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍മ്മാണമേഖലയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വികസിപ്പിക്കുന്നതിലും ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് മുഖേന സഹായം നല്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഗവേഷണം നടത്തുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പരമാവധി 6 മാസത്തേക്ക് പ്രതിമാസം 10,000 രൂപ ഗ്രാന്റ് നല്‍കും. ഗ്രാന്റ് നല്‍കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളും സര്‍വകലാശാലകളും തമ്മില്‍ ഫലപ്രദമായ ബന്ധം സ്ഥാപിക്കുന്നതിനും വ്യവസായങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി സാങ്കേതിക സഹായം നല്‍കുന്നതിനും പദ്ധതിയിലൂടെ സാധിക്കും.സംരംഭങ്ങളുടെ സാങ്കേതിക തലത്തിലും മാനേജ്മെന്റ് തലത്തിലും പരിഹരിക്കേണ്ട വിഷയങ്ങള്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കണ്ടെത്തും. അവ സാങ്കേതിക സര്‍വകലാശാല വഴി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്ന പ്രസ്താവനകളായി കൈമാറും.
ഗുണമേന്മയും ഉല്പാദനക്ഷമതയും മെച്ചപ്പെടുത്തുക, യന്ത്രവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ സ്വീകരിക്കുക, മലിനീകരണം ലഘൂകരിക്കുക തുടങ്ങിയ മേഖലകളില്‍ വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിലൂടെ കണ്ടെത്തും. നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സര്‍വകലാശാല സമര്‍പ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് വ്യവസായവകുപ്പ് സംരംഭങ്ങള്‍ക്ക് കൈമാറും. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയ്ക്ക് കീഴിലുള്ള സഹായത്തിന് അര്‍ഹതയുള്ളത്.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ