ദിസ്പുർ: ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ അസമിലെ കാസിംരംഗ ദേശിയോദ്യാനത്തിൽ തങ്ങാൻ പ്രധാനമന്ത്രി. അസം സന്ദർശനത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസം കാസിരംഗ ദേശീയോദ്യാനത്തിൽ തങ്ങും. മാർച്ച് 8, 9 തീയതികളിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാസിരംഗ യിൽ തങ്ങുക. അസം വനം മന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി ആണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
അസം വനംമന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി , ഡിജിപി ജിപി സിംഗ്, ചീഫ് സെക്രട്ടറി പബൻ ബൊർത്താക്കൂർ എന്നിവരോടൊപ്പം ബുധനാഴ്ച കാസിരംഗ സന്ദർശിച്ചു. ദേശീയ ഉദ്യാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. പ്രധാനമന്ത്രിക്ക് ആന സഫാരികൾക്കും ജീപ്പ് സഫാരികൾക്കും ക്രമീകരണങ്ങൾ സജ്ജീകരിക്കും എന്നും അസം വനം മന്ത്രി അറിയിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധകേന്ദ്രമാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നതിൽ അസം സർക്കാർ ഏറെ സന്തുഷ്ടരാണെന്നും വനം മന്ത്രി അറിയിച്ചു.
അസാമിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ എറ്റവും പ്രശ്നംമായ ഉദ്യാനമാണ് കാസിരംഗ. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സുരക്ഷണ കേന്ദ്രം എന്ന നിലയിലാണ് ഇത് ലോകശ്രദ്ധ ആകർഷിക്കുന്നത്. 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസിരംഗ നാഷണൽ പാർക്ക് ഗോലാഘട്ട്, നാഗാവ് ജില്ലകളിലായി പരന്നുകിടക്കുന്നു. അസമിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വനവിസ്മയം ലോകത്തിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ്.
ലോകത്തിലാകെയുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും ഇവിടെയാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, കരടി, ഹൂലോക് ഗിബ്ബൺ, സംഭാർ, ആന, പുലി, മാനുകൾ തുടങ്ങിയ അനവധി വന്യമൃഗങ്ങളുടെയും അപൂർവ പക്ഷിവർഗങ്ങളുടെയും ആവാസസ്ഥാനമാണ് കാസിരംഗ. കടുവകൾ ഏറെയുള്ള ഈ വനമേഖലയെ 2006ൽ കടുവ സംരക്ഷണമേഖലയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്നെ ജൈവവൈവിധ്യത്തിൻ്റെ പ്രതീകമാണ് കാസിരംഗ. ബ്രഹ്മപുത്ര നദിക്കരയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
അസമിന്റെ ചരിത്രത്തിലെ ഇതിഹാസ നായകൻ അഹോം ജനറലായ ലച്ചിത് ബർഫുകൻ്റെ വെങ്കല പ്രതിമ മാർച്ച് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർഹട്ടിൽ അനാച്ഛാദനം ചെയ്യും. ജോർഹട്ടിലെ മെലെങ് മെറ്റെലി പോത്താറിൽ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതാണ്.
















