മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം

കേരളത്തെ നടുക്കിയ ഒരു സംഭവത്തിൻറെ ദൃശ്യാവിഷ്‍കാരമായി എത്തുന്ന ‘തങ്കമണി’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്തും. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിൻറെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്.

ദിലീപിൻറെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്.

ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിൻറെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്. നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരുന്നു.

അതിന് പിന്നാലെ മറ്റൊരു വേഷപ്പകർച്ചയിൽ സെക്കൻഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസർ ദിലീപ് ആരാധകർക്കും സിനിമാപ്രേമികൾക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നൽകുന്നതായിരുന്നു.

‘പെണ്ണിൻറെ പേരല്ല തങ്കമണി.’ എന്നു തുടങ്ങുന്ന പാട്ടും ശ്രദ്ധനേടി. അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് എങ്ങനെയാണ് ഒരു നാടിനെ മുഴുവൻ ബാധിച്ചതെന്നും അതിന് പിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം എന്നാണ് സൂചന.

പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’ എന്നതിനാൽ തന്നെ ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും എന്നാണ് പ്രേക്ഷകരേവരും കണക്കുകൂട്ടുന്നത്.

Read More……….

എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ടിൻറെ നടുക്കുന്ന ഓർമ്മകൾ കേരള ചരിത്രത്തിൻറെ ഭാഗമായതാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവെപ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്