ന്യൂഡൽഹി : ഹരിയാന അതിർത്തിയായ ഖനൗരിയിൽ കൊല്ലപ്പെട്ട കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മൃതദേഹവും വഹിച്ച് കർഷകർ റാലി നടത്തി. ബട്ടിൻഡ സ്വദേശിയായ ശുഭ്കരൺ ഖനൗരിയിൽ ഉണ്ടായ സംഘർഷത്തിൽ ഫെബ്രുവരി 21നാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 12 സുരക്ഷാ ഭടന്മാർക്കും പരുക്കേറ്റിരുന്നു. ശുഭ്കരണിന്റെ മരണത്തിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശുഭ്കരണിന്റെ സംസ്കാരം ഇന്ന് നടക്കും. ശുഭ്കരണിന്റെ മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിട്ടിതരികയുള്ളുവെന്നു കർഷകർ അറിയിച്ചിരുന്നു. രജിന്ദ്ര ആശുപത്രിയിലെ മോർച്ചറിയിലാണ് ശുഭ്കരണിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്‌ഷൻ 302, 114 എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കർഷക നേതാവ് സർവൺ സിങ് പാന്ഥേർ അറിയിച്ചു. ശുഭ്കരണിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ സന്നദ്ധ സംഘടനകൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരിക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നഷ്ടപരിഹാരമായി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, കർഷക സമരത്തിൽ പങ്കെടുത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കുകയും പഞ്ചാബ് – ഹരിയാന അതിർത്തിയിൽ സംഘർഷം ഉണ്ടാക്കുകയും ചെയ്ത കർഷകരുടെ പാസ്പോർട്ട്, വീസ മുതലയാവ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹരിയാന പൊലീസ്. കർഷക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്കെതിരെയല്ല മറിച്ച്, സംഘർഷത്തിൽ ഭാഗമായവർക്കെതിരെയാണ് നടപടിയെന്ന് അംബാല ഡിജിപി ജോഗീന്ദർ സിങ് വ്യക്തമാക്കി. സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ എന്നിവയിലൂടെയാണ് ഇവരെ പൊലീസ് തിരിച്ചറിയുന്നത്.
പൊതുമുതൽ നശിപ്പിച്ചതിനു സ്വത്തുവകകൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നു കാണിച്ച് പൊലീസ് വീടുകളിൽ നോട്ടിസ് പതിപ്പിച്ചതായി കർഷകർ ആരോപിച്ചു. തങ്ങളുടെ ഫോൺ പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് നിരന്തരം വീടുകളിൽ കയറിയിറങ്ങുകയാണെന്നും കർഷകർ പറയുന്നു.