‘കാലില്‍ പിടിച്ച് ‘ ജീവന്‍ രക്ഷിച്ചു; KSRTC ജീവനക്കാരന് അഭിനന്ദന പ്രവാഹം; ടൈഗര്‍ റിസര്‍വിലെ അതി സാഹസം റെജികുമാര്‍ പറയുന്നു (അന്വേഷണം സ്‌പെഷ്യല്‍)

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെന്നു കേട്ടാലേ പഞ്ഞത്തരവും പരാതികളും മാത്രം പറയുന്നവരാണെന്ന ഒരു പൊതു ധാരണയുണ്ട്. എന്നാല്‍, അവരേക്കാള്‍ മനുഷ്യത്വമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ആര്‍ക്കെങ്കിലും ഒന്നു കാണിച്ചു തരാമോ. പുകഞ്ഞു കത്തുന്ന പകലും കൊടും തണുപ്പുള്ള രാത്രിയിലും യാത്രക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്ന സ്‌നേഹമുള്ള മനുഷ്യരാണ് കെഎസ്.ആര്‍.ടി.സി ജീവനക്കാര്‍. അതിന് എത്രയെത്ര ഉദാഹരണങ്ങളാണ് കേരളത്തിലെ നിരത്തുകളില്‍ നിന്നും പറയാനുള്ളത്. എത്ര മനുഷ്യരുടെ ജീവനും ജീവിതവുമാണ് അവര്‍ സ്വന്തം ജീവനേക്കാള്‍ സുരക്ഷിതമായി എത്തിക്കുന്നത്. 

ഓരോ യാത്രകളുടെ തുടക്കവും ഒടുക്കവും സുഖപ്രദവും സന്തോഷവും ആകണേയെന്ന പ്രാര്‍ത്ഥനയോടെയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസ് അനക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അങ്ങനെയൊരു സംഭവമാണ് ബംഗളൂരുവിനും ഗുരുവായൂരിനും ഇടയിലെ ബസ് യാത്രയില്‍ നടന്നത്. മാനസിക വിഭ്രാന്തി കാട്ടിയ ഒരു യാത്രക്കാരന്റെ ജീവന്‍, അതി സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.ജീത്തു ജോസഫിന്റെ ത്രില്ലര്‍ സിനിമകളെപ്പോലെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു ആ സംഭവം. ബംഗളൂരുവില്‍ നിന്നും വഴിക്കടവ് പോലീസ്‌റ്റേഷന്‍ വരെ ബസ് ഓടിയെത്തിയ മണിക്കൂറുകള്‍ ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഈ സംഭവ കഥയിലെ നായകന്‍ കെ.എസ്.ആര്‍.ടി.സി മൈസൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ റെജി കുമാര്‍ പറയുന്നത്. 

ഒരു ജീവന്‍ രക്ഷിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും, ആ ദിവസത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ റെജികുമാറിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു മിന്നല്‍ ഉള്ളിലൂടെ പ്രവഹിക്കും പോലെതോന്നിയ നിമിഷം. എന്തോ ഭാഗ്യത്തിന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.വെറുമൊരു സാധാരണക്കാരനായ റെജിക്ക് അസാധാരണത്വം കാട്ടാന്‍ കഴിയുമായിരുന്നോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. സംഭവത്തെ കുറിച്ച് കൃത്യമായ ഓര്‍മ്മകളില്ലെന്നു പറഞ്ഞു കൊണ്ടാണ് റെജി കുമാര്‍ പറഞ്ഞു തുങ്ങിയത്. ഉച്ചയോടെ ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബംഗളൂരു-ഗുരുവായൂര്‍ KS066 സ്വിഫ്റ്റ് ബസ്. 

റിസര്‍വേഷന്‍ ചെയ്തവരാണ് എല്ലാവരും. വൈകിട്ടോടെ കര്‍ണാടക-കേരള ബോര്‍ഡറിലെ ബന്ദിപ്പൂര്‍-സത്യമംഗലം കാടുകളിലൂടെ പോകുന്ന നാഷണല്‍ ഹൈവേയിലേക്ക് ബസ് കടക്കുന്നു. രണ്ടു കാടുകളിലും ചെക്ക് പോസ്റ്റുണ്ട്. കാടിന്റെ തണലും, സൂര്യാസ്തമനവും ഒക്കെയായി അന്തരീക്ഷം മൂടിക്കെട്ടിയിട്ടുണ്ട്. ഇടയ്ക്ക് ആള്‍ക്കാര്‍ ഇറങ്ങിയും കയറിയുമൊക്കെയുള്ള യാത്രയിലെപ്പോഴോ, ഒരു യാത്രക്കാരന്റെ അസാധാരണമായ ഭാവവ്യത്യാസം എല്ലാവരും ശ്രദ്ധിച്ചു. സ്വയം സംസാരിക്കുന്നു. ഇടയ്ക്ക് എഴുന്നേല്‍ക്കുന്നു. പതിയെയുള്ള സംസാരം പെട്ടെന്ന് ഉച്ചത്തിലാക്കുന്നു. മുന്‍വശത്തെ സീറ്റിലെ കമ്പിയില്‍ ആഞ്ഞു പ്രഹരിക്കുന്നു. 

ഇങ്ങനെ അസ്വാഭാവികമായി എന്തെങ്കിലും ചേഷ്ടകള്‍ കാട്ടുന്ന യാത്രക്കാരെ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കും. ആദ്യത്തെ കാടിനുള്ളിലേക്ക് കടക്കാന്‍ നേരം ചെക്ക്‌പോസ്റ്റിലെ ചെക്കിംഗിനായി ബസ് നിര്‍ത്തിയപ്പോള്‍, ഈ യാത്രക്കാരന്‍ പെട്ടെന്ന് ക്ഷുഭിതനാവുകയും ബസില്‍ ചവിട്ടുകയും ഇടിക്കുകയുമൊക്കെ ചെയ്തു. കാഴ്ചയില്‍ നല്ല ശരീരബലം തോന്നിക്കുന്ന ചെറുപ്പക്കാരന്‍. ഒരു ഇരുപത്തഞ്ച് വയസ്സുണ്ടാകും. യാത്രക്കാരെല്ലാം പെട്ടെന്ന് ഭയന്നുപോയി. ബസിലെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും വേഗത്തില്‍ നടക്കുന്ന ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് കണ്ടക്ടര്‍ ചെന്നു കാര്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചു. തന്നെ ആരോ പിന്‍തുടരുന്നുണ്ടെന്നും, അവര്‍ എന്റെ ഫോണ്‍ ഹാക്ക്‌ചെയ്‌തെന്നും, ഞാനൊന്നും ചെയ്തില്ലെന്നുമൊക്കെ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരുന്നു മറുപടി. 

കാര്യമറിയാന്‍ പോയ കണ്ടക്ടര്‍ പരാജയം സമ്മതിച്ചതോടെ ബസ് വീണ്ടും യാത്രതുടര്‍ന്നു. കാടിനുള്ളിലെ യാത്രയായതിനാല്‍ യാത്രക്കാരെല്ലാം ജനാലകള്‍ അടച്ചിട്ടിട്ടുണ്ട്. ബസിനുള്ളില്‍ ഒരേയൊരാളുടെ അവശബ്ദങ്ങള്‍ മാത്രം മുഴങ്ങുന്നു. യാത്രക്കാര്‍ക്കെല്ലാം അരോചകമായി തുടങ്ങി. അപ്പോള്‍ സമയം; 6.45. ചെറുപ്പക്കാരന്‍ ബസില്‍ കിടന്ന് വലിയ വായില്‍ ബഹളം വെയ്ക്കാനും, നിലവിലിക്കാനും തുടങ്ങിയപ്പോള്‍ കണ്ടക്ടറോടൊപ്പം സീറ്റില്‍ നിന്നെണീറ്റ് ചെറുപ്പക്കാരന്റെ അടുത്തേക്കു ചെന്നു. ശാന്തസ്വരത്തില്‍ കാര്യങ്ങള്‍ വീണ്ടും വീണ്ടും തിരക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, സമാധാനമായി സീറ്റിലിരിക്കൂ എന്നായി. അതിനും തയ്യാറാകാതെ ചെറുപ്പക്കാരന്‍ നിലവിളിയും ഭയപ്പെടുത്തുന്ന തരത്തില്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു കൊണ്ടേയിരുന്നു. 

ഇടയ്ക്ക് ബസിന്റെ വാതിലിലേക്ക് ഓടും. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനാലച്ചില്ലുകള്‍ തകര്‍ക്കാനും ശ്രിമിക്കുന്നുണ്ട്. നിലവിളിയും ആക്രോശവും അസഹനീയമായതോടെ യാത്രക്കാരില്‍ ചിലരുമായി ചേര്‍ന്ന് ചെറുപ്പക്കാരനെ ബലമായി പിടിച്ച് സീറ്റിലിരുത്തി. പക്ഷെ, അസാമാന്യ ബലമായിരുന്നു അയാള്‍ക്ക്. ബലമുള്ള ശരീരമായതു കൊണ്ട് നമ്മുടെ പിടുത്തമൊന്നും ഏശിയില്ല. കുതറി മാറാനും, വീണ്ടും ആക്രോശിക്കാനും, ആക്രമിക്കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു ആ ചെറുപ്പക്കാരന്‍. ബസിനുള്ളില്‍ ആകെ പരിഭ്രാന്തി പടരുകയായിരുന്നു. യാത്രക്കാരെല്ലാം ഭയന്നു വിറച്ചിരിക്കുകയാണ്. കാടിനുള്ളില്‍ വെച്ച് ഒന്നും ചെയ്യാനാകാത്ത സ്ഥിതി. സമയം: 7.15 ചെറുപ്പക്കാരനെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമമെന്ന രീതിയില്‍ ഡ്രൈവറുടെ അടുത്തുള്ള സിംഗിള്‍ സീറ്റില്‍ കൊണ്ടിരുത്തി. മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്റെ സ്വഭാവം പെട്ടെന്നു മാറുകയായിരുന്നു. 

വാതിലിലേക്ക് നിമിഷനേരംകൊണ്ട് പാഞ്ഞെത്തിയ ചെറുപ്പക്കാരന്‍ ശക്തിയായി ചവിട്ടി തുറക്കാനുള്ള ശ്രമംതുടങ്ങി. യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടിച്ചുകൊണ്ട് ബസിന്റെ പുറകുവശത്തെ നീളമുള്ള സീറ്റില്‍ കൊണ്ടു കിടത്തി. അപ്പോള്‍ സമയം: സന്ധ്യ മയങ്ങുന്നു. ഇരുട്ടു പരക്കുന്നതേയുള്ളൂ. രണ്ടാമത്തെ കാട്ടിലെ ചെക്കിംഗും കഴിഞ്ഞ് ടൈഗര്‍ റിസര്‍വിലേക്ക് ബസ് കയറി. യാത്ര കാടിനുള്ളിലൂടെ ആയതുകൊണ്ട് കണ്ണില്‍ കുത്തുന്ന ഇരുട്ടാണ്. വാച്ചില്‍ 7.45 എന്നു കാണിക്കുന്നുണ്ട്. ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഇല്ലിക്കാടുകള്‍ക്കിടയിലൂടെ ബസ് 70 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്നു. വന്യ മൃഗങ്ങളുടെ സഞ്ചാര പാതയിലൂടെയാണ് ബസ് ഓടുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. 

മൃഗങ്ങളുടെ മുരളലും ഓരിയിടലും നിര്‍ത്താതെ കേള്‍ക്കാം. ബസിനുള്ളില്‍ അത്യാവശ്യം യാത്രക്കാരുണ്ട്. ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന തമിഴ്‌നാട് പോലീസിനോട് കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളാ ബസ് ആയതു കൊണ്ട് നടപടി എടുക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. എങ്കിലും ബസിനുള്ളില്‍ കയറി ചെറുപ്പക്കാരനോട് സംസാരിക്കാനും, മര്യാദയ്ക്ക് യാത്ര ചെയ്യണമെന്നുള്ള നിര്‍ദേശവും പോലീസ് കൊടുത്തു. ബസ് വീണ്ടും കാട്ടിലൂടെ യാത്ര തുടരുകയാണ്. ബസിനുള്ളില്‍ വെളിച്ചമുണ്ടെങ്കിലും യാത്രക്കാരുടെ മുഖം അറിയാന്‍ കഴിയുന്നില്ല. എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു. 

പെട്ടെന്നാണ് അത് സംഭവിച്ചത്. ചെറുപ്പക്കാരന്‍ നിലവിളിച്ചു കൊണ്ട് ജനാലയിലൂടെ എടുത്തു പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്നു. ഞാനപ്പോള്‍, മുന്‍വശത്താണ് ഇരുന്നിരുന്നത്. പെട്ടെന്ന് ഓടിയെത്തി അയാളെ പിടിച്ചു. യാത്രക്കാരും വന്നു. സീറ്റില്‍ കിടത്തിയ ചെറുപ്പക്കാരന്‍ പെട്ടെന്ന് ശാന്തനായി കിടന്നു. വീണ്ടും യാത്രക്കാര്‍ അവരവരുടെ സീറ്റിലേക്കു പോയി. ചെറുപ്പക്കാരന്റെ തോളില്‍ നിന്നും കൈയ്യെടുത്ത് ഞാനും സീറ്റിലേക്കു പോകാന്‍ തിരിഞ്ഞതും ചെറുപ്പക്കാരന്‍ ചാടിയെഴുന്നേറ്റ് എതിര്‍ സീറ്റിലെ ജനാലയിലൂടെ ഒറ്റച്ചാട്ടം. ഒരു നിമിഷം യാത്രക്കാരെല്ലാം സ്തംബ്ദരായിപ്പോയി. നിലവിളിയും തുടങ്ങി. എന്തു ചെയ്യണണെന്നറിയാതെ ഒന്നു പകച്ചെങ്കിലും പെട്ടെന്ന് ബോധം വീണു. അപ്പോഴേക്കും ചെറുപ്പക്കാരന്റെ തലയും ഉടലുമെല്ലാം പൂര്‍ണ്ണാമായി പുറത്തുപോയിരുന്നു. അപ്പോഴും ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. 

ഒറ്റക്കുതിപ്പിന് ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു. കാലും അയാളിട്ടിരുന്ന പാന്‍സും കൂട്ടിപ്പിടിച്ച് സീറ്റിലേക്ക് കിടന്നു. ബസിന്റെ പിന്‍ വശത്തെ ടയറിനു അടുത്തായി ചെറുപ്പക്കാരന്റെ തലയും ഉടലും നിന്നു. ചെറുപ്പക്കാരന്റെ ഭാരം താങ്ങാനാവുന്നതിലും കൂടുതലാണ്. എന്നിട്ടും അത് പിടിച്ചു നിര്‍ത്തിയത് എങ്ങനെയാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പെട്ടെന്നു തോന്നിയതു കൊണ്ടാണ് കാലിലെങ്കിലും പിടുത്തം കിട്ടിയത്. തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി ഒതുക്കി. കാടായതു കൊണ്ട് സൂക്ഷിച്ച് പുറത്തിറങ്ങണം. ടൈഗര്‍ റിസര്‍വ് കൂടിയാണ്. എങ്കിലും ഒരു ജീവന്‍ കാലില്‍ തൂക്കിപ്പിടിച്ചിരിക്കുന്നതു കൊണ്ട് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി. 

ഇതോടെ യാത്രക്കാരില്‍ ചിലരും ഇറങ്ങി. ഇതിനു ശേഷമാണ് പത്തു മിനിട്ടോളം ഒരേ പിടി പിടിച്ചു കിടന്ന ഞാന്‍ പതിയെ ആയാളുടെ കാലിലെ പിടിവിട്ടത്. ചെറുപ്പക്കാരനെ പിന്നീട് നാലഞ്ചു പേരുടെ ഇടയില്‍ ഇരുത്തിക്കൊണ്ടാണ് വഴിക്കടവ് പോലീസ്‌റ്റേഷന്‍ വരെ എത്തിച്ചത്. യാത്രക്കാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ചെറുപ്പക്കാരന്റെ വാപ്പയും കുടുംബക്കാരും വഴിക്കടവിലെത്തി. പെരിന്തല്‍മണ്ണക്കാരനാണ് ഈ ചെറുപ്പക്കാരന്‍. ടാറ്റയുടെ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്റെ പേര് സലാം എന്നാണെന്നു തോന്നുന്നു. കൈയ്യില്‍ ബാഗുണ്ട്. ബംഗളൂരു ബസ്റ്റാന്റില്‍ നിന്നും ഒരു കൂട്ടുകാരനും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, വഴിയിലെവിടെയോ കൂട്ടുകാരന്‍ ഇറങ്ങിയിരുന്നു. 

മകന്റെ ജീവന്‍ രക്ഷിച്ചതിന് സലാമിന്റെ വാപ്പ എന്നോടു തൊഴുതുകൊണ്ട് നന്ദി പറഞ്ഞു. പോലീസുകാരും അഭിനന്ദിച്ചു. ഒരു യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചതിന് ആ ബസില്‍ യാത്ര ചെയ്തവരുടെ അഭിനന്ദനവും ഹസ്തദാനവും വേറെ കിട്ടി. അവസരോചിതമായി ഇടപെടാന്‍ തോന്നിയ ബുദ്ധിക്ക് ദൈവത്തോട് മാത്രമേ നന്ദി പറയാനുള്ളൂ. കാരണം, ഓരോ യാത്രക്കാരനും കെ.എസ്.ആര്‍.ടി.സിക്ക് വിലപ്പെട്ടവരാണ്. അവര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യാന്‍ എത്തുന്നതു തന്നെ വിശ്വാസവും സുരക്ഷയും ഉണ്ടെന്ന ഉത്തമ ബോധ്യത്തോടെയാണ്. ആ വിശ്വാസം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയെ നിരന്തരം ചലിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മളല്ലേ, എന്നാണ് റെജി കുമാറിന്റെ ചിരിച്ചു കൊണ്ടുള്ള ചോദ്യം. 

അതെ, ഹൃയരക്തം പോലെ കേരളത്തില്‍ എവിടേക്കും ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെയും അവിടുത്തെ ജീവനക്കാരെയും ജീവനെപ്പോലെ വിശ്വസിക്കാം. ഒരു യാത്രക്കാരനെയും കുരുതി കൊടുക്കാന്‍ തയ്യാറാകാതെ ഇന്നും നിലകൊള്ളുന്ന കെ.എസ്.ആര്‍.ടി.സി ഊര്‍ദ്വശ്വാസം വലിക്കുന്നുണ്ട്. ശമ്പളമോ, ആനുകൂല്യങ്ങളോ മുടങ്ങിയെന്ന പരിഭവം പറച്ചിലിനിടയില്‍ യാത്രക്കാരുടെ സുരക്ഷയെ മറക്കുന്നവരല്ല കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഓരോരുത്തരും രക്ഷകരാണ്. സ്വയം വേദനിക്കുമ്പോഴുംകേരളത്തെ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന നല്ല മനുഷ്യര്‍.

Read more : 

      അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ