പ്രതിധ്വനി ഗെയിംസിൻറെ അവാർഡ് വിതരണ ചടങ്ങ് ഫെബ്രുവരി 27 ന് വൈകുന്നേരം 7 ന് ടെക്നോപാർക്കിൽ ശ്രീ. പി രാജീവ്, (വ്യവസായ, നിയമം, കയർ വകുപ്പ് മന്ത്രി, കേരളം) ഉദ്ഘാടനം ചെയ്തു, മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റൈഫി വിൻസെന്റ് ഗോമസ് വിശിഷ്ടാതിഥിയായി.
നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള 1500 ലധികം ഐ ടി ജീവനക്കാർ പങ്കെടുത്ത പ്രതിധ്വനി ഗെയിംസ് മത്സരങ്ങൾ ജനുവരി 20 മുതൽ ഫെബ്രുവരി 23 വരെ ടെക്നോപാർക്ക് ക്ലബ് ഹൌസിൽ ആണ് നടന്നത്.
വോളീബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ആം റെസ്‌ലിംഗ്, കാരംസ് , ചെസ്സ്, നീന്തൽ, 8 ബോൾ പൂൾ, ത്രോബോൾ എന്നീ 10 ഗെയിംസ് ഇനങ്ങളിലായി 32 കാറ്റഗറികളിൽ സമ്മാനദാനം ബഹുമാനപ്പെട്ട മന്ത്രിയും ശ്രീ. റൈഫിയും ചേർന്ന് നിർവഹിച്ചു. ശ്രീ റൈഫി ടെക്നോപാർക്കിലെ കായിക താരങ്ങളുമായി ക്രിക്കറ്റ് അനുഭവങ്ങൾ പങ്കു വച്ചു. 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും 120 ട്രോഫികളും 250 മെഡലുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ സമ്മാനിച്ചു.
166 പോയിന്റുകൾ നേടി UST ഓവറാൾ ചാമ്പ്യന്മാരായി. 137 പോയിന്റുമായി ഇൻഫോസിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗെയിംസ് ടൂർണമെന്റിലെ മികച്ച വ്യക്തിഗത ചാമ്പ്യൻമാരായി ഗൗതം ബീരയും (യു എസ് ടി), മികച്ച കളിക്കാരിയായി ദിവ്യ ആർ (അലയൻസ്)യും തിരഞ്ഞെടുക്കപെട്ടു
ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ പ്രതിധ്വനി സ്പോർട്സ് ഫോറം കൺവീനർ രജിത് വി പി അധ്യക്ഷത വഹിച്ചു. പ്രതിധ്വനി ഗെയിംസ് കൺവീനർ വിശാഖ് ഹരി സ്വാഗതവും പ്രതിധ്വനി വുമൺ ഫോറം കൺവീനർ സന്ത്യ നന്ദി പ്രകാശനവും നടത്തി. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.