കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. കൂടുതല്‍ പരാതിക്കാരുമായാണ് മുരളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഓസ്‌ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് കൂടുതല്‍ പരാതിക്കാരും തെളിവുകളും പുറത്തുവരുന്നത്.
സിനിമകളുടെ ഓവര്‍സീസ് വിതരണക്കാരനായ ലണ്ടന്‍ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു.
എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്.
കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഈ കേസില്‍ ഷിബുവിന്റെ ഭാര്യ ജോമോള്‍ ആണ് മറ്റൊരു പ്രതി.
പിലാത്തറ നരീക്കാംവള്ളി ഇല്ലത്തുവീട്ടില്‍ സ്മിതയാണ് ഈ കേസിലെ പരാതിക്കാരി. ഭര്‍ത്താവ് അനൂപിനെ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഓസ്‌ട്രേലിയയില്‍ പരാതി നല്‍കിയിരിക്കുന്നവരില്‍ മലയാളിയായ ഒരാള്‍ക്ക് മാത്രം 50 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.
Read More……
- നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് രജനികാന്തും ഭാര്യയും: വൈറലായി സൗന്ദര്യ രജനികാന്തിന്റെ കുറിപ്പ്|Rajinikanth & Wife Latha Celebrate 43 Years of Marriage
- ആരാധകർക്കൊപ്പം കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് എ.ആർ റഹ്മാൻ: വൈറലായി വിഡിയോ|A R Rahman at kochi metro
- പത്തു വർഷത്തെ പ്രണയസാഫല്യം: തപ്‌സി പന്നു-മത്യാസ് ബോയെ വിവാഹം മാർച്ചിലെന്ന് റിപ്പോർട്ടുകൾ|Taapsee Pannu|Mathias Boe
- മലൈക്കോട്ടൈ വാലിബനിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുമായി വീഡിയോ|Malaikottai Vaaliban
- ‘ജെം ഓഫ് എ പേഴ്സൺ: കലർപ്പില്ലാത്തയാൾ’: മയോനിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു|Gopi Sundar|Mayoni
മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രദര്‍ശന വിജയം നേടിയ പല ചിത്രങ്ങളുടെയും വിതരണാവകാശവും കമ്പനിയിലെ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകള്‍ ഏറെയും.
ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്ന് മുരളി വെളിപ്പെടുത്തുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തി അവരെ നിയമക്കുരുക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്തുന്നതാണ് ഷിബുവിന്റെ രീതിയെന്ന് മുരളി പറയുന്നു.
ഇത്തരത്തില്‍ ഭീഷണിയ്ക്ക് വഴങ്ങി അവര്‍ കുറഞ്ഞകൂലിക്കും ഓവര്‍ടൈം ഇല്ലാതെയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരുമാകുന്നു.
ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്‌സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകള്‍. ഈ പരാതികള്‍ കണക്കിലെടുത്ത് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.