തിരുവനന്തപുരം: നവകേരള സദസിന് തുടർച്ചയായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടി വിവിധ വകുപ്പുകൾക്ക് വൻ ബാധ്യത സൃഷ്ടിക്കുന്നതിൻ്റെ തെളിവുകൾ പുറത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ലക്ഷങ്ങൾ പൊടിച്ച് നടത്തുന്ന പരിപാടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
മുഖാമുഖം പരിപാടികൾക്കായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും പി പ്രസാദും മാത്രം തങ്ങളുടെ വകുപ്പിൽ നിന്ന് ചെലവാക്കിയത് 51.03 ലക്ഷമാണെന്ന് പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. മുഖാമുഖം പരിപാടിക്കായി എകദേശം അഞ്ച് കോടിയോളം രൂപ ഖജനാവിൽ നിന്നും ചെലവാകും എന്നാണ് ധനവകുപ്പിൻ്റെ വിലയിരുത്തൽ.
കർഷകർക്ക് അർഹതപ്പെട്ട കുടിശിക നൽകാൻ കഴിയുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 33 ലക്ഷം നൽകി രാജഭക്തി കാണിച്ചിരിക്കുകയാണ് കൃഷിമന്ത്രി പി പ്രസാദ്. മാർച്ച് 2 ന് ആലപ്പുഴയിൽ നടക്കുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി സംവദിക്കുന്ന പരിപാടിക്കാണ് ഈ തുക നൽകിയിരിക്കുന്നത്.
കൃഷി വകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ പണത്തിൽ നിന്നും നിന്ന് 20 ലക്ഷവും ബാക്കി 13 ലക്ഷം നഷ്ടം കൂടാതെ പ്രവർത്തിക്കുന്ന കൃഷി വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല ബാങ്കുകളിൽ നിന്നും ഇതര കാർഷിക ധനകാര്യ ഏജൻസികളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് മന്ത്രിയുടെ ഉത്തരവ്. ഫെബ്രുവരി 23 ന് കൃഷി വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച മന്ത്രിയുടെ കൽപ്പനയും പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് ഫെബ്രുവരി 18 ന് നടന്ന മുഖാമുഖത്തിന് പന്തൽ നിർമ്മിക്കാനാണ് മന്ത്രി ബിന്ദുതുക അനുവദിച്ചത്.മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മുഖാമുഖത്തിന് വേണ്ടി സ്ക്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന് കത്ത് നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
പന്തൽ നിർമ്മാണത്തിന് കോളേജ് പണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിക്ക് നീരസമുണ്ടെന്നാണ് വിവരം. മുഖാമുഖത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിർaശം. പരിപാടിയുടെ മറ്റ് ചെലവുകൾ സ്പോൺസർഷിപ്പിലൂടെയാണ് ഉന്നത വിദ്യാഭ്യാസ പകുപ്പ് മന്ത്രി കണ്ടെത്തിയിരിക്കുന്നത്.